മലയാള സിനിമയിൽ തുടങ്ങി ഇന്ന് തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തിന്റെ മുൻനിര നായികമാർക്കിടയിൽ സ്വന്തമായി ഇടം ഉറപ്പിച്ചിരിക്കുകയാണ് നടി മമിത ബൈജു. അഭിനയിച്ച ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസിൽ വൻ വിജയമായതോടെ സിനിമാ ലോകം ‘ഭാഗ്യനായിക’ എന്നാണ് മമിതയെ വിശേഷിപ്പിക്കുന്നത്. മമിത നായികയായി എത്തിയ നാല് ചിത്രങ്ങളാണ് തുടർച്ചയായി 100 കോടി ക്ലബ്ബിൽ ഇടം നേടിയത്.
‘പാവാട’ എന്ന ചിത്രത്തിൽ ബാലതാരമായി തുടക്കം കുറിച്ച മമിത പിന്നീട് ‘സൂപ്പർ ശരണ്യ’യിലെ അൽത്താഫ് എന്ന കഥാപാത്രത്തിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ 136 കോടിയിലധികം നേടി തരംഗമായ ‘പ്രേമലു’ എന്ന ചിത്രമാണ് മമിതയുടെ കരിയർ പൂർണ്ണമായും മാറ്റിമറിച്ചത്. തുടർന്ന് തമിഴിൽ പ്രദീപ് രംഗനാഥന്റെ നായികയായി എത്തിയ ‘ഡ്യൂഡ്’, വിജയ് ചിത്രം ‘ജനനായകൻ’, സൂര്യ നായകനായ ‘വിശ്വനാഥ് ആന്റ് സൺസ്’ തുടങ്ങിയ വൻ പ്രോജക്റ്റുകളിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മമിതയ്ക്ക് സാധിച്ചു. ‘ജനനായകൻ’, ‘വിശ്വനാഥ് ആന്റ് സൺസ്’ എന്നീ ചിത്രങ്ങൾ 300 കോടി ക്ലബ്ബിലേക്കാണ് കുതിക്കുന്നത്.
കോട്ടയം കിടങ്ങൂർ സ്വദേശിയായ മമിത, നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ‘കളർപടം’ എന്ന ഷോർട്ട് ഫിലിമിലെ പ്രകടനത്തിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. നിവിൻ പോളി നായകനാകുന്ന ‘ബേത്ലഹേം കുടുംബ യൂണിറ്റ്’ ആണ് മമിതയുടേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ‘പ്രേമലു’വിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
#MamithaBaiju #Premalu #JanaNayagan #VishwanathAndSons #DudeMovie #MalayalamCinema #TamilCinema #CinemaNews #Mollywood
