കൊല്ലം: ഹോട്ടൽ മുറി കേന്ദ്രീകരിച്ച് മാരക ലഹരിമരുന്ന് വിൽപന നടത്തിവന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി. കൊല്ലം കൊറ്റങ്കര മാമൂട് അനസ് മൻസിലിൽ ‘ആഷിക്’ എന്ന് വിളിക്കുന്ന തൽഹത്താണ് പിടിയിലായത്. കൊല്ലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി. ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കരിക്കോട്ടുള്ള ഹോട്ടൽ മുറിയിൽ ഇയാൾ ലഹരിമരുന്നുമായി തങ്ങിയിരുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. എക്സൈസിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയുടെ ഭാഗമായി എത്തിയ എക്സൈസ് സംഘം നടത്തിയ തിരച്ചിലിൽ 3.058 ഗ്രാം മെത്തഫെറ്റാമിനാണ് (Methamphetamine) പ്രതിയിൽ നിന്നും കണ്ടെടുത്തത്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കൊല്ലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ ദിലീപ് കുമാർ, ഷെഫീക്ക് ബി., അഖിൽ വി.എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സൂരജ്, സാലിം, സന്തോഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷീജ കുമാരി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
