ഡിജിറ്റൽ യുഗത്തിൽ ഓൺലൈൻ സേവനങ്ങളെ ആശ്രയിക്കുന്നത് വർദ്ധിച്ചതോടെ സൈബർ തട്ടിപ്പുകളും വ്യാപകമാകുന്നു. അനാവശ്യമായി സ്വകാര്യ വിവരങ്ങൾ പങ്കുവെക്കൽ, വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യൽ, ഒടിപി, യുപിഐ പിൻ കൈമാറൽ, സുരക്ഷിതമല്ലാത്ത ആപ്പുകളും സ്ക്രീൻ ഷെയറിംഗ് ആപ്പുകളും ഇൻസ്റ്റാൾ ചെയ്യൽ എന്നിവയാണ് പലപ്പോഴും ആളുകളെ തട്ടിപ്പിലേക്ക് നയിക്കുന്നത്. തട്ടിപ്പിനിരയായാൽ ചെയ്യേണ്ട പ്രധാന പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് അധികൃതർ.
തട്ടിപ്പ് നടന്നു കഴിഞ്ഞാൽ ആദ്യ 24 മണിക്കൂർ വളരെ നിർണ്ണായകമാണ് (Golden Hour). പലരും നാണക്കേട് ഭയന്നോ പണം തിരികെ കിട്ടില്ലെന്ന് കരുതിയോ പൊലീസിൽ പരാതിപ്പെടാറില്ല. എന്നാൽ ഉടൻ തന്നെ പരാതി നൽകിയാൽ പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് മാറ്റുന്നത് തടയാൻ സാധിക്കും. കൂടാതെ, ബാങ്കിനെയോ പേയ്മെന്റ് സേവനദാതാവിനെയോ ഉടൻ വിവരമറിയിച്ച് കാർഡുകളും അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യേണ്ടതുണ്ട്.
തട്ടിപ്പിനു ശേഷവും ‘പണം തിരികെ നൽകാം’ എന്ന വ്യാജേന ബന്ധപ്പെടുന്ന തട്ടിപ്പുകാരുടെ നിർദ്ദേശങ്ങൾ വീണ്ടും വിശ്വസിക്കരുത്. തട്ടിപ്പ് നടന്ന ഉടൻ തന്നെ ഇ-മെയിൽ, ബാങ്കിങ്, സോഷ്യൽ മീഡിയ പാസ്‌വേഡുകൾ മാറ്റുകയും ടു-ഫാക്ടർ ഓഥന്റിക്കേഷൻ ഓൺ ചെയ്യുകയും വേണം. തട്ടിപ്പുകാരുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ, ഫോൺ നമ്പറുകൾ, സ്ക്രീൻഷോട്ടുകൾ, ബാങ്ക് ഇടപാട് വിവരങ്ങൾ എന്നിവ ഒരു കാരണവശാലും ഡിലീറ്റ് ചെയ്യാതെ തെളിവായി സൂക്ഷിക്കണമെന്നും പൊലീസ് നിർദ്ദേശിക്കുന്നു.
Cyber Crime Kerala Online Fraud Warning Kerala Police Alert Cyber Safety Tips Online Financial Fraud Kerala News Malayalam
