ചെന്നൈ: നടി തൃഷയ്ക്കെതിരെ അധിക്ഷേപകരമായ ദ്വയാർത്ഥ പരാമർശം നടത്തിയെന്ന പരാതിയിൽ ഡി.എം.കെ (DMK) നേതാവും മുൻ മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ നീലാങ്കരയിലെ വസതിയിലെത്തിയാണ് തഞ്ചാവൂർ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട പ്രസംഗത്തിലെ പരാമർശത്തിലാണ് നടപടി. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി തഞ്ചാവൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
കസ്റ്റഡിയിലെടുത്ത ഉദയനിധിയെ ചോദ്യം ചെയ്യലിനായി തഞ്ചാവൂരിലേക്ക് കൊണ്ടുപോയതായാണ് ലഭിക്കുന്ന വിവരങ്ങൾ. എന്നാൽ അദ്ദേഹത്തിന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയോ എന്ന കാര്യത്തിൽ പൊലീസ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
അറസ്റ്റ് ഭയന്ന് ഉദയനിധി മദ്രാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയിരുന്നു. തുടർന്ന് ഹർജി പരിഗണിക്കുന്നത് വരെ അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി ഉത്തരവിട്ടിരുന്നു. മുൻകൂർ ജാമ്യഹർജി ഉച്ചയ്ക്ക് ശേഷം മദ്രാസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കേസിൽ കോടതി സ്വീകരിക്കുന്ന നിലപാട് ഏറെ നിർണായകമാണ്.
നിയമസഭാ സമ്മേളനം ആരംഭിക്കാൻ ഒരുദിവസം മാത്രം ബാക്കിനിൽക്കെ നടന്ന ഈ കസ്റ്റഡി ആസൂത്രിതമായ രാഷ്ട്രീയ നീക്കമാണെന്ന് ഡി.എം.കെ ആരോപിച്ചു. ഉദയനിധിയുടെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയ പാർട്ടി പ്രവർത്തകർ പൊലീസിനും സർക്കാരിനുമെതിരെ ശക്തമായ പ്രതിഷേധമുയർത്തി. ഉദയനിധിയുടെ അറസ്റ്റ് അനുവദിക്കില്ലെന്നാണ് പാർട്ടി നേതാക്കൾ വ്യക്തമാക്കുന്നത്.
