യു.എ.ഇയിൽ കുട്ടികളെയും കൗമാരക്കാരെയും ലഹരിവലയിലാക്കാൻ മയക്കുമരുന്ന് മാഫിയകൾ പുതിയ തന്ത്രങ്ങൾ ഉപയോഗിക്കുന്നതായി നാഷണൽ ആന്റി നാർക്കോട്ടിക്സ് അതോറിറ്റിയുടെ മുന്നറിയിപ്പ്. പ്രധാനമായും മൂന്ന് വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെയാണ് ലഹരി സംഘങ്ങൾ കുട്ടികളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് അധികൃതർ വെളിപ്പെടുത്തി.
-
എ4 പേപ്പറുകൾ: മയക്കുമരുന്ന് പ്രത്യേക ദ്രാവക രൂപത്തിലാക്കി എ4 കടലാസുകളിൽ കലർത്തി കടത്തുന്നതാണ് പ്രധാന രീതി. സാധാരണ പേപ്പർ പോലെ തോന്നിക്കുന്നതിനാൽ ഇത് കണ്ടെത്തുന്നത് ഏറെ പ്രയാസകരമാണ്.
-
മിഠായികൾ: കുട്ടികളെ എളുപ്പത്തിൽ ആകർഷിക്കാൻ മിഠായികൾക്കുള്ളിൽ ഒളിപ്പിച്ചും മയക്കുമരുന്ന് വിതരണം ചെയ്യുന്നുണ്ട്.
-
ഡെലിവറി സർവീസുകളും കൊറിയറും: ‘സർപ്രൈസ് ഗിഫ്റ്റ്’ എന്ന വ്യാജേന അജ്ഞാത നമ്പറുകളിൽ നിന്ന് പാഴ്‌സലുകളായി ഡെലിവറി ഏജൻസികൾ വഴിയും ലഹരി ഉൽപ്പന്നങ്ങൾ എത്തിക്കുന്നു.
ഇത്തരം അജ്ഞാത ഉറവിടങ്ങളിൽ നിന്നോ സംശയാസ്പദമായ സാഹചര്യങ്ങളിലോ ലഭിക്കുന്ന സമ്മാനങ്ങളും ഡെലിവറികളും യാതൊരു കാരണവശാലും സ്വീകരിക്കരുതെന്നും രക്ഷിതാക്കൾ അതീവ ജാഗ്രത പുലർത്തണമെന്നും അതോറിറ്റി കർശന നിർദ്ദേശം നൽകി.
കുട്ടികളെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ രക്ഷിതാക്കൾക്ക് വലിയ പങ്കുണ്ടെന്ന് നാഷണൽ ആന്റി നാർക്കോട്ടിക്സ് അതോറിറ്റി എടുത്തുപറഞ്ഞു.
കുട്ടികളുമായി നിരന്തരം തുറന്ന് സംസാരിക്കുകയും അവരുടെ ദൈനംദിന സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും വേണം. പ്രശ്നങ്ങൾ ഗുരുതരമാകുന്നതിന് മുൻപ് തന്നെ ലഹരി ഉപയോഗത്തിന്റെ ആദ്യകാല ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് അടിയന്തരമായി ഇടപെടണമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
