കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും വലിയ ക്ലാസിക്കുകളിലൊന്നായ ‘കിരീടം’ വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ 37–ാം വാർഷികത്തോടനുബന്ധിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച പ്രത്യേക സ്ക്രീനിങ്ങിൽ നടൻ മോഹൻലാൽ വികാരാധീനനായി. ചിത്രത്തിന്റെ പുതിയ 4കെ റീമാസ്റ്റേർഡ് പതിപ്പിന്റെ ട്രെയ്ലർ ലോഞ്ച് ചടങ്ങിൽ സംവിധായകൻ സിബി മലയിലിനൊപ്പം പങ്കെടുത്തപ്പോഴാണ് താരം പഴയകാല ഓർമ്മകൾ പങ്കുവെച്ചത്. തന്റെ 48 വർഷത്തെ സിനിമാ ജീവിതത്തിൽ വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന നിമിഷമാണിതെന്ന് മോഹൻലാൽ പറഞ്ഞു.
“എന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് കിരീടം. എനിക്ക് ആദ്യമായി ദേശീയ അവാർഡ് (പ്രത്യേക ജൂറി പരാമർശം) നേടിത്തന്ന ചിത്രമാണിത്. മനസ്സിന് വലിയ സന്തോഷമുള്ളപ്പോഴ തന്നെ വലിയൊരു സങ്കടവുമുണ്ട്. അന്ന് ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരുപാട് പ്രിയപ്പെട്ടവർ ഇന്ന് നമ്മളെ വിട്ടുപിരിഞ്ഞു. സ്ക്രീനിൽ അവരെയൊക്കെ കണ്ടപ്പോൾ 37 വർഷം പുറകിലേക്ക് ഒരു ടൈം ട്രാവൽ ചെയ്തതു പോലെയാണ് തോന്നിയത്. ഇത്തരം സിനിമകളോ ഇതിൽ ജീവിച്ചതുപോലെയുള്ള മനുഷ്യരോ ഇനി നമ്മുടെ കൂടെയില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ വലിയ വിഷമമുണ്ട്,” മോഹൻലാൽ വ്യക്തമാക്കി.
അന്നത്തെ പരിമിതമായ സൗകര്യങ്ങൾ വെച്ച് ഇത്രയും വലിയൊരു സിനിമ ചെയ്യുക എന്നത് വലിയൊരു കാര്യമാണെന്നും ചിത്രത്തിൽ ഒപ്പമുണ്ടായിരുന്ന ഓരോരുത്തരെയും നന്ദിയോടെ സ്മരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമ ഡിജിറ്റലായി റീസ്റ്റോർ ചെയ്ത് വീണ്ടും പ്രേക്ഷകരിലേക്ക് എത്തിച്ച എൻഎഫ്ഡിസി (NFDC)-ക്കും ഇതിന് പിന്നിൽ പ്രവർത്തിച്ച വിജയകുമാർ, ഉണ്ണി, ദിനേഷ് തുടങ്ങിയവർക്കും മോഹൻലാൽ നന്ദി അറിയിച്ചു.
