കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് ഒറ്റയടിക്ക് 1,520 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,07,000 രൂപയായി. ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,375 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ദിവസം രണ്ട് ഘട്ടങ്ങളിലായി 1,400 രൂപയുടെ വർധനവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സ്വർണവിലയിൽ ഈ ഇടിവ് ഉണ്ടായിരിക്കുന്നത്.
അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിക്കുമെന്ന സൂചനകളാണ് ആഗോള സ്വർണവിപണിയെ സ്വാധീനിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി പലിശനിരക്ക് ഉയർത്താനുള്ള സാധ്യത വർധിച്ചതോടെ നിക്ഷേപകർ സ്വർണത്തിൽ നിന്ന് പിൻവാങ്ങുന്നതാണ് വില കുറയാൻ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
ഈ വർഷം ജനുവരി 29നാണ് സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് ഉയരത്തിലെത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,31,160 രൂപയായിരുന്നു. 2025 ഡിസംബർ 23നാണ് കേരളത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത്.
വിപണിയിലെ അന്താരാഷ്ട്ര സാഹചര്യങ്ങൾ, ഡോളറിന്റെ മൂല്യം, പലിശനിരക്ക് സംബന്ധിച്ച പ്രഖ്യാപനങ്ങൾ എന്നിവ വരും ദിവസങ്ങളിലെ സ്വർണവിലയെ നിർണയിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
