ഫിലാഡൽഫിയ: ഫിഫ ലോകകപ്പിൽ ഫ്രാൻസും ഇറാഖും തമ്മിൽ നടന്ന മത്സരം കനത്ത മഴയെയും ശക്തമായ ഇടിമിന്നലിനെയും തുടർന്ന് രണ്ട് മണിക്കൂറോളം നിർത്തിവെച്ചു. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് മോശം കാലാവസ്ഥ കാരണം ഒരു മത്സരം ഇത്തരത്തിൽ തടസ്സപ്പെടുന്നത്.
പ്രാദേശിക സമയം വൈകീട്ട് 5 മണിക്ക് ആരംഭിച്ച മത്സരത്തിന്റെ ആദ്യ പകുതി തീരാൻ അരമണിക്കൂർ ശേഷിക്കെയാണ് നഗരത്തിൽ കനത്ത മഴ തുടങ്ങിയത്. കളി തുടങ്ങുന്നതിന് മുൻപ് തന്നെ നഗരത്തിൽ പ്രളയ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ആദ്യ പകുതിക്ക് പിന്നാലെ ഇടിമിന്നൽ സാധ്യത ശക്തമായതോടെ, സുരക്ഷ മുൻനിർത്തി രണ്ടാം പകുതി കൃത്യസമയത്ത് ആരംഭിക്കില്ലെന്ന് സംഘാടകർ അറിയിക്കുകയായിരുന്നു. തുടർന്ന് കാണികളോട് സ്റ്റേഡിയത്തിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശിച്ചു.
മത്സരം നിർത്തിവെക്കുമ്പോൾ കിലിയൻ എംബാപ്പെയുടെ ഗോളിൽ ഫ്രാൻസ് 1-0 ന് മുന്നിലായിരുന്നു. ഏകദേശം രണ്ട് മണിക്കൂറിലെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് കളി പുനരാരംഭിക്കാൻ സാധിച്ചത്.
