തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സ്ഥിതിഗതികൾ കണക്കിലെടുത്ത് 7 ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
മഴ മുന്നറിയിപ്പുകൾ:
-
റെഡ് അലർട്ട്: കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലർട്ട് നിലവിലുണ്ടാകും. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
ഓറഞ്ച് അലർട്ട്: പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ ഇടത്തരം മഴയ്ക്കും 50 കി.മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
-
മറ്റു ജില്ലകളിൽ: മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കും 40 കി.മീ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്.
പൊതു നിർദ്ദേശങ്ങൾ:
വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അടിയന്തര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴ തുടരുമെന്നാണ് പ്രവചനം. നാളെ കൂടിയെത്തുന്ന മഴ അതിനുശേഷം ശമിക്കുമെന്നാണ് കണക്കുകൂട്ടൽ.
അതേസമയം, ‘കള്ളക്കടൽ’ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
