ഓൺലൈൻ ലോകത്തെ നമ്മുടെ ഓരോ ചെറിയ ഇടപെടലുകളും ഇന്റർനെറ്റിൽ എവിടെയെങ്കിലും രേഖപ്പെടുത്തപ്പെടുന്നുണ്ട്. ഭക്ഷണം ഓർഡർ ചെയ്യുന്നതും യുട്യൂബിൽ വിഡിയോ കാണുന്നതും വെറുതെ ഗൂഗിളിൽ ബ്രൗസ് ചെയ്യുന്നതുമെല്ലാം ഇതിൽപ്പെടും. മാസങ്ങളും വർഷങ്ങളും കഴിയുമ്പോൾ ഇത്തരം ചെറിയ വിവരങ്ങൾ ചേർന്ന് നിങ്ങളെക്കുറിച്ചുള്ള വലിയൊരു ഡിജിറ്റൽ ചിത്രമായി (Digital Footprint) മാറുന്നു. ഡാറ്റാ ചോർച്ചയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ഒഴിവാക്കാൻ നിങ്ങളുടെ ഡിജിറ്റൽ ഫൂട്പ്രിന്റ് എങ്ങനെ നിയന്ത്രിക്കാമെന്ന് പരിശോധിക്കാം.
1. ഗൂഗിൾ ആക്ടിവിറ്റി ക്ലിയർ ചെയ്യാം (Clear Your Google Activity)
നമ്മുടെ സെർച്ചുകളും യൂട്യൂബ് വിഡിയോകളും ലൊക്കേഷൻ വിവരങ്ങളും ഗൂഗിൾ ശേഖരിച്ചു വെക്കാറുണ്ട്. ഇതിൽ നിന്നും രക്ഷനേടാൻ myactivity.google.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. തുടർന്ന് Delete activity by എന്നതിൽ ക്ലിക്ക് ചെയ്ത് All time തെരഞ്ഞെടുത്താൽ ഇതുവരെയുള്ള മുഴുവൻ ഹിസ്റ്ററിയും ഒറ്റയടിക്ക് ഒഴിവാക്കാനാകും.
2. പുതിയ ഡാറ്റ ശേഖരിക്കുന്നത് തടയാം (Stop New Data Collection)
പഴയ ഡാറ്റ ഡിലീറ്റ് ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല, പുതിയ വിവരങ്ങൾ ശേഖരിക്കുന്നത് തടയേണ്ടതുണ്ട്. ഗൂഗിളിന്റെ Activity Controls വഴി വെബ് & ആപ്പ് ആക്ടിവിറ്റി, ലൊക്കേഷൻ ഹിസ്റ്ററി, യൂട്യൂബ് ഹിസ്റ്ററി എന്നിവ ഓഫ് ചെയ്യുക. ഇത് ഗൂഗിൾ നിങ്ങളുടെ വിവരങ്ങൾ കൂടുതൽ ഓർത്തു വെക്കുന്നത് പരിമിതപ്പെടുത്താൻ സഹായിക്കും.
3. ക്രോസ്-ഡിവൈസ് ട്രാക്കിംഗ് ഒഴിവാക്കാം (Check Cross-Device Tracking)
ലാപ്ടോപ്പ്, ടാബ്ലെറ്റ് തുടങ്ങി പല ഡിവൈസുകളിൽ നിങ്ങളുടെ അക്കൗണ്ട് സിങ്ക് (Sync) ആയി കിടക്കുന്നുണ്ടാകാം. ഗൂഗിൾ അക്കൗണ്ടിന്റെ Data & Privacy സെക്ഷനിൽ പോയി Ad Personalization, ക്രോസ്-ഡിവൈസ് ട്രാക്കിംഗ് ഫീച്ചറുകൾ എന്നിവ ഡിസേബിൾ ചെയ്യുക.
4. ഓട്ടോ-ഡിലീറ്റ് ഫീച്ചർ ഉപയോഗിക്കാം (Enable Auto-Delete)
ഓരോ മാസവും സ്വയം ഹിസ്റ്ററി ഡിലീറ്റ് ചെയ്യാൻ ഓർക്കണമെന്നില്ല. ഗൂഗിളിൽ നിശ്ചിത കാലയളവിന് ശേഷം (3, 18 അല്ലെങ്കിൽ 36 മാസം പഴക്കമുള്ള ഡാറ്റ) തനിയെ ഡിലീറ്റ് ആയിപ്പോകുന്ന Auto-delete ഫീച്ചർ ഓൺ ചെയ്തു വെച്ചാൽ ഡാറ്റ സുരക്ഷിതമായി തുടരും.
5. ബ്രൗസിംഗ് കൂടുതൽ സുരക്ഷിതമാക്കാം (Secure Your Browsing)
ഓൺലൈൻ പരസ്യങ്ങളും ട്രാക്കിംഗും തടയാൻ വിശ്വസനീയമായ VPN ഉപയോഗിക്കുക. ശക്തമായ പാസ്വേഡുകൾ നൽകുക, Two-Factor Authentication (2FA) സജീവമാക്കുക, പ്രൈവസിക്ക് മുൻഗണന നൽകുന്ന ബ്രൗസറുകൾ ഉപയോഗിക്കുക എന്നിവ വഴി ഡിജിറ്റൽ ഫൂട്പ്രിന്റുകൾ ഒരു പരിധി വരെ മായ്ച്ചുകളയാൻ സാധിക്കും.
