താരസംഘടനയായ ‘അമ്മ’യിൽ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിക്കെതിരെ കോടതിയിൽ നിന്ന് സ്റ്റേ ഓർഡർ നേടിയെടുത്ത വിവരം പങ്കുവെച്ച് നടി ശ്വേതാ മേനോൻ. സംഘടനയെ പിൻവാതിലിലൂടെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ശ്വേത സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്. പ്രതിസന്ധി ഘട്ടത്തിൽ തനിക്ക് കരുത്തായി നിന്ന മമ്മൂട്ടിക്കും മോഹൻലാലിനും ശ്വേത നന്ദി അറിയിച്ചു. മായ ആഞ്ചലോയുടെ പ്രശസ്തമായ വരികൾ കുറിച്ചുകൊണ്ടാണ് ശ്വേത തന്റെ നിലപാട് വ്യക്തമാക്കിയത്.
സംഘടനയ്ക്കുള്ളിൽ വലിയ തർക്കങ്ങളും ആരോപണങ്ങളും ഉയർന്നപ്പോഴും മുതിർന്ന താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും തനിക്ക് വലിയ പിന്തുണയാണ് നൽകിയതെന്നും, രാജിവെക്കാതെ നിലപാടിൽ ഉറച്ചുനിന്ന് പോരാടാൻ അവർ ആവശ്യപ്പെട്ടെന്നും ശ്വേത വെളിപ്പെടുത്തി. “ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല ‘അമ്മ’ എങ്ങനെ മുന്നോട്ട് പോകണം എന്ന് തീരുമാനിക്കേണ്ടത്, സംഘടനയിലെ ഭൂരിപക്ഷം മെമ്പർമാരാണ്.
കമ്മിറ്റിയിൽ വരാൻ ആഗ്രഹമുള്ളവർ ഞങ്ങളെപ്പോലെ ഇലക്ഷനിൽ മത്സരിച്ചാണ് വരേണ്ടത്. അല്ലാതെ പിൻവാതിലിലൂടെയല്ല,” എന്നും ശ്വേതാ മേനോൻ കുറിപ്പിൽ വ്യക്തമാക്കി. ‘അമ്മ’ പ്രസിഡന്റ് എന്ന നിലയിലാണ് ശ്വേത കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
