വയനാട്: കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനായത് സർക്കാരിന്റെ കൃത്യമായ ഇടപെടൽ മൂലമാണെന്ന് അവകാശപ്പെടുന്ന റിപ്പോർട്ടിൽ, വീഴ്ച വരുത്തിയ കരാറുകാരെ പൂർണ്ണമായും കുറ്റപ്പെടുത്തുന്നുണ്ട്. സംഭവത്തിൽ രണ്ട് സ്വതന്ത്ര അന്വേഷണങ്ങൾ പ്രഖ്യാപിച്ചതായും സർക്കാർ കോടതിയെ അറിയിച്ചു.
ദുരന്ത നിവാരണ സെക്രട്ടറിയും പരിസ്ഥിതി സെക്രട്ടറിയുമാണ് വെവ്വേറെ അന്വേഷണങ്ങൾ നടത്തുക. സാങ്കേതികവും നിയമപരവുമായ അനുമതികളുടെ കാര്യത്തിലാണ് ദുരന്ത നിവാരണ സെക്രട്ടറി ആദ്യ അന്വേഷണം നടത്തുക. നിർമാണത്തിന് ആവശ്യമായ പരിസ്ഥിതി അനുമതികൾ കൃത്യമായി നേടിയിരുന്നോ എന്ന കാര്യത്തിൽ പരിസ്ഥിതി സെക്രട്ടറി രണ്ടാമത്തെ അന്വേഷണവും നടത്തും.
തുരങ്ക നിർമാണത്തിനായി കുഴിച്ചെടുത്ത മണ്ണ് അവിടെനിന്ന് അടിയന്തരമായി നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിരുന്നതായി സർക്കാർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊങ്കൺ റെയിൽവേ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർക്കാണ് മണ്ണ് മാറ്റാനുള്ള നിർദ്ദേശം ആവർത്തിച്ച് നൽകിയിരുന്നത്.
കാലവർഷം കണക്കിലെടുത്ത് കനത്ത ജാഗ്രതാ മുന്നറിയിപ്പുകൾ സർക്കാർ നേരത്തെ തന്നെ നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ജൂൺ അഞ്ചിന് തന്നെ തുരങ്കപാതയിലെ നിർമാണ ജോലികൾ നിർത്തിവെപ്പിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിനായി കരാറുകാരുടെ അടിയന്തര യോഗം വിളിച്ചുചേർക്കുകയും ചെയ്തിരുന്നു.
സർക്കാർ കൃത്യസമയത്ത് നൽകിയ മുന്നറിയിപ്പുകളും നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെപ്പിച്ചതുമായ സമയോചിത ഇടപെടലുകൾ കാരണമാണ് ദുരന്തത്തിന്റെ വ്യാപ്തിയും മരണനിരക്കും വലിയ രീതിയിൽ കുറയ്ക്കാനായതെന്ന് സർക്കാർ കോടതിയെ ബോധിപ്പിച്ചു. എന്നാൽ മണ്ണ് മാറ്റുന്നതുൾപ്പെടെയുള്ള സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ കരാറുകാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് സർക്കാർ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്.
