തിരുവനന്തപുരം / വയനാട്: കർക്കിടക വാവ് ദിനത്തിൽ പിതൃമോക്ഷ പുണ്യം തേടി സംസ്ഥാനത്തെ വിവിധ ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് ജനങ്ങളുടെ വൻ ഒഴുക്ക്. പ്രശസ്തമായ ക്ഷേത്രങ്ങളിലും കടവുകളിലും കടപ്പുറങ്ങളിലും പുലർച്ചെ മുതൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, ശംഖുമുഖം തീരം എന്നിവിടങ്ങളിൽ പുലർച്ചെ രണ്ടരയോടെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. ആയിരക്കണക്കിന് ഭക്തരാണ് ഇന്നലെ രാത്രി മുതൽ തന്നെ ഈ കേന്ദ്രങ്ങളിൽ എത്തിയത്. ഭക്തജനത്തിരക്ക് പ്രമാണിച്ച് ഇന്നലെ രാത്രി മുതൽ തന്നെ വർക്കല, തിരുവല്ലം, ശംഖുമുഖം മേഖലകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വയനാട്ടിലെ പ്രശസ്തമായ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുലർച്ചെ മൂന്ന് മണിയോടെ ബലിതർപ്പണ ചടങ്ങുകൾക്ക് തുടക്കമായി. പിതൃതർപ്പണത്തിനായി നൂറുകണക്കിന് ആളുകളാണ് പാപനാശിനിയിലേക്ക് ഒഴുകിയെത്തുന്നത്.
ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമായി പോലീസ്, ദേവസ്വം ബോർഡ്, ഫയർഫോഴ്സ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് സംസ്ഥാനത്തുടനീളം ഒരുക്കിയിട്ടുള്ളത്.
