തിരുവനന്തപുരം: കെഎസ്ആർടിസി യാത്രക്കാർക്ക് ഇനിമുതൽ വാട്സാപ്പിലൂടെ (WhatsApp) എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. കെഎസ്ആർടിസിയുടേത് ഉൾപ്പെടെയുള്ള പ്രത്യേക മൊബൈൽ ആപ്പുകളുടെ സഹായമില്ലാതെ തന്നെ ടിക്കറ്റ് ബുക്കിംഗ് സാധ്യമാക്കുന്നതാണ് ഈ പുതിയ സംവിധാനം. 9447071021 എന്ന വാട്സ്ആപ്പ് നമ്പറിലൂടെയാണ് ഈ സേവനം ലഭ്യമാകുക.
യാത്ര ചെയ്യുന്ന തീയതി, യാത്ര ആരംഭിക്കുന്ന സ്ഥലം, എത്തേണ്ട സ്ഥലം എന്നിവ വാട്സാപ്പിൽ നൽകിയാൽ അന്നേ ദിവസം ലഭ്യമായ ബസുകളുടെ വിവരങ്ങൾ ലഭിക്കും. ഇതിൽ നിന്ന് യാത്രക്കാരന് സൗകര്യപ്രദമായ സമയത്തുള്ള ബസ് തിരഞ്ഞെടുത്ത് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും.
24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ
വാട്സാപ്പ് ടിക്കറ്റിംഗ് സംവിധാനത്തിനൊപ്പം കെഎസ്ആർടിസിയുടെ ബസ് സർവീസുകളുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും ഉടനടി പരിഹാരം ഉറപ്പാക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പുതിയ കോൾ സെന്റർ സംവിധാനവും ഉദ്ഘാടനം ചെയ്തു.
കൊറിയർ സർവീസ് ഇനി കെഎസ്ആർടിസി നേരിട്ട് നടത്തും
കെഎസ്ആർടിസിയുടെ കൊറിയർ സർവീസ് സ്വന്തം നിലയിൽ വീണ്ടും ആരംഭിക്കുന്നതിന്റെ ഉദ്ഘാടനവും ഇന്ന് നടന്നു. മുൻപ് വിജയകരമായി നടന്നിരുന്ന ഈ സേവനം പിന്നീട് ഒരു സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചതോടെ നിരവധി പരാതികൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൊറിയർ സർവീസ് പൂർണ്ണമായും കെഎസ്ആർടിസി തന്നെ നേരിട്ട് നടത്താൻ തീരുമാനിച്ചത്.
