കണ്ണൂർ: മണ്ണിടിച്ചിൽ സാധ്യതകൾ മുൻകൂട്ടി കണ്ടെത്തി ജനങ്ങൾക്ക് കൃത്യമായ മുന്നറിയിപ്പ് നൽകുന്ന നൂതന സാങ്കേതികവിദ്യ സംസ്ഥാനത്ത് ആദ്യമായി കണ്ണൂരിൽ നടപ്പിലാക്കുന്നു. കണിച്ചാർ ഗ്രാമപഞ്ചായത്തിലെ മാടശ്ശേരി മലയിലാണ് ഈ പൈലറ്റ് പദ്ധതി ആരംഭിക്കുന്നത്. മണ്ണിന്റെ ഘടന, ഈർപ്പം, മഴയുടെ അളവ്, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ എന്നിവ തത്സമയം നിരീക്ഷിച്ച് വിശകലനം ചെയ്താണ് ഈ സംവിധാനം മുന്നറിയിപ്പ് നൽകുക. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ഐ.ഐ.ടി റൂർക്കി, കെ-ഡിസ്ക് (K-DISC) എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ ഏകദേശം 2 കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തിയാക്കുന്നത്.
2022-ൽ മുപ്പത്തിനാലോളം മണ്ണിടിച്ചിലുകൾ റിപ്പോർട്ട് ചെയ്ത അതീവ ദുർഘട പ്രദേശമാണ് കണിച്ചാർ. ഈ പശ്ചാത്തലത്തിലാണ് ശാസ്ത്രീയമായ പ്രതിരോധ സംവിധാനം ഇവിടെ സ്ഥാപിക്കാൻ തീരുമാനിച്ചത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ, ഈ വർഷം ജനുവരിയിൽ ‘ഓക്സൻസ് ലാബ്’ എന്ന സ്വകാര്യ ഗവേഷണ കമ്പനിയുടെ സഹായത്തോടെ ഇവിടെ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചിരുന്നു. ഇവിടെ നിന്ന് നിലവിൽ കാലാവസ്ഥാ പ്രവചനത്തിനുള്ള ഡാറ്റകൾ ശേഖരിക്കുന്നുണ്ട്.
അടുത്ത ഘട്ടമായി, മണ്ണ് പരിശോധന പൂർത്തിയാക്കിയ ശേഷം മലയുടെ മുകളിൽ നിന്ന് താഴേക്ക് 8 പ്രധാന പോയിന്റുകളിലായി 15 മുതൽ 20 മീറ്റർ വരെ ആഴത്തിൽ പ്രത്യേക സെൻസറുകൾ സ്ഥാപിക്കും. ഐ.ഐ.ടി റൂർക്കിയുടെ നേതൃത്വത്തിൽ സ്ഥാപിക്കുന്ന ഈ സെൻസറുകൾ മണ്ണിന്റെ ചലനവും സമ്മർദ്ദവും സൂക്ഷ്മമായി നിരീക്ഷിക്കും. ഈ സംവിധാനം പൂർണ്ണസജ്ജമാകുന്നതോടെ ഒരു ഏകീകൃത പോർട്ടൽ വഴി മഴവിവരങ്ങളും മണ്ണിടിച്ചിൽ മുന്നറിയിപ്പും പൊതുജനങ്ങൾക്ക് തത്സമയം ലഭ്യമാകും. മാടശ്ശേരി മലയിലെ പൈലറ്റ് പദ്ധതി വിജയിച്ചാൽ വയനാട് ഉൾപ്പെടെ സംസ്ഥാനത്തെ മറ്റ് മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലേക്കും ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
