ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ ഭാര്യ താലി ഊരിമാറ്റുന്നതും അടിസ്ഥാനമില്ലാത്ത വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതും ഭർത്താവിനോട് കാണിക്കുന്ന പരമാവധി ക്രൂരതയായി കണക്കാക്കാമെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. റിട്ടയേർഡ് സൈനികന് കീഴ്ക്കോടതി അനുവദിച്ച വിവാഹമോചനം ശരിവച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് പി. വടമലൈ ഉൾപ്പെട്ട ബെഞ്ചിന്റെ ഈ ഉത്തരവ്. 1977-ൽ വിവാഹിതരായ ദമ്പതികൾ ഭർത്താവിന് മറ്റ് ബന്ധങ്ങളുണ്ടെന്ന ഭാര്യയുടെ ആരോപണത്തെ തുടർന്ന് കഴിഞ്ഞ 30 വർഷമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു. ഭർത്താവിന്റെ സൈനിക മേധാവികൾക്ക് ആവർത്തിച്ച് പരാതി നൽകിയതും, താലി ഊരിമാറ്റിയതുമെല്ലാം ഹിന്ദു വിവാഹ നിയമപ്രകാരം മാനസിക പീഡനത്തിന്റെ പരിധിയിൽ വരുമെന്ന് കോടതി വിലയിരുത്തി.
ഭാര്യ ക്രിസ്തുമതത്തിലേക്ക് മാറിയതായും താലി ഊരിമാറ്റിയതായും ഭർത്താവിന്റെ വിവാഹമോചന ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ഭാര്യ മതംമാറിയെന്ന ആരോപണം തള്ളിക്കളയാനാവില്ല എന്നും താലി ഊരിമാറ്റുന്ന പ്രവൃത്തി മാനസിക പീഡനത്തെയാണ് കാണിക്കുന്നത് എന്നും ജസ്റ്റിസ് പി. വടമലൈ പറഞ്ഞു. താൻ താലി ഊരിമാറ്റിയിട്ടുണ്ടെന്നും ഇപ്പോൾ സ്വർണാഭരണങ്ങൾ ധരിക്കാറില്ലെന്നും ഭാര്യ കോടതിയിൽ തുറന്നു സമ്മതിച്ചിരുന്നു. ട്രയൽ കോടതിയും അപ്പീൽ കോടതിയും ഭർത്താവിന് അനുകൂലമായി പുറപ്പെടുവിച്ച വിവാഹമോചന ഉത്തരവിനെ ചോദ്യം ചെയ്താണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്.
ഹിന്ദു വിവാഹങ്ങളിൽ താലിക്കുള്ള സാംസ്കാരികവും വൈകാരികവുമായ പ്രാധാന്യത്തെക്കുറിച്ച് മദ്രാസ് ഹൈക്കോടതിയുടെ മുൻകാല വിധികളും കോടതി ഈ കേസിൽ ചൂണ്ടിക്കാണിച്ചു. ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ ഒരു ഹിന്ദു ഭാര്യയും ഒരു ഘട്ടത്തിലും താലി ഊരിമാറ്റില്ല എന്നത് പരസ്യമായ കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഭാര്യയുടെ കഴുത്തിലെ താലി വിവാഹജീവിതത്തിന്റെ തുടർച്ചയെ പ്രതീകപ്പെടുത്തുന്ന പവിത്രമായ ഒന്നാണെന്നും ഭർത്താവിന്റെ മരണശേഷമേ അത് മാറ്റാറുള്ളൂ എന്നും കോടതി വ്യക്തമാക്കി. അതിനാൽ, ഹർജിക്കാരിയായ ഭാര്യ താലി ഊരിമാറ്റിയത് പരമാവധി ക്രൂരതയായി കണക്കാക്കാമെന്നും, ഇത് ഭർത്താവിന് കടുത്ത മാനസിക വിഷമമുണ്ടാക്കുകയും അദ്ദേഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തിട്ടുണ്ടാകാമെന്നും വിലയിരുത്തിക്കൊണ്ടാണ് ഭാര്യയുടെ അപ്പീൽ കോടതി തള്ളിയത്. ഇരുവരും പതിറ്റാണ്ടുകളായി വേർപിരിഞ്ഞാണ് കഴിയുന്നത് എന്നതും കോടതി പരിഗണിച്ചു. 1996 മുതൽ താൻ ഭർത്താവിൽ നിന്ന് അകന്നാണ് താമസിക്കുന്നതെന്ന് ഭാര്യ തന്നെ കോടതിയിൽ സമ്മതിച്ചിരുന്നു. ഇരുവർക്കും 36 വയസ്സുള്ള ഒരു മകനും 33 വയസ്സുള്ള മകളുമുണ്ട്.
