ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ നിലപാട് കടുപ്പിച്ച് മന്ത്രി കെ.എം. ഷാജി. എൻ. ശേഷാദ്രിനാഥന്റെ നിയമനം മന്ത്രിസഭയിൽ കൃത്യമായി ആലോചിച്ച് എടുത്ത തീരുമാനമാണെന്നും അതിൽ തനിക്ക് വ്യക്തതയുണ്ടെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
“താൻ പറയേണ്ടതെല്ലാം കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇനി എന്തെങ്കിലും അറിയണമെന്നുണ്ടെങ്കിൽ മുഖ്യമന്ത്രിയോട് ചോദിക്കണം. പറഞ്ഞ കാര്യങ്ങൾ മാറ്റിപ്പറയാൻ താൻ തയ്യാറല്ല,” കെ.എം. ഷാജി വ്യക്തമാക്കി.
‘എന്നെ മുസ്ലിം ഭീകരവാദിയാക്കിയവർ ഇപ്പോൾ ആർഎസ്എസ് ആക്കുന്നു’
തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ ശക്തമായ ഭാഷയിലാണ് മന്ത്രി നേരിട്ടത്.
“എന്നെ മുൻപ് മുസ്ലിം ഭീകരവാദിയായി ചിത്രീകരിച്ചവരാണ് ഇപ്പോൾ ആർഎസ്എസ് ആക്കാൻ ശ്രമിക്കുന്നത്. ഒരു പത്രക്കാരുടെയും ആനുകൂല്യത്തിൽ വളർന്നുവന്ന ആളല്ല ഞാൻ. മനസ്സാക്ഷിക്ക് ബോധ്യമുള്ള കാര്യങ്ങൾ മാത്രമേ ചെയ്യൂ. ഇവിടെ മാറുന്നത് താനല്ല, എ കെ ബാലനാണ്.”
മദ്യത്തിന്റെ വീര്യവുമായി ബന്ധപ്പെട്ട് ഉയർന്ന ചർച്ചകളെ പരിഹസിച്ച അദ്ദേഹം, മദ്യത്തിന് വീര്യം കുറഞ്ഞതല്ല പ്രശ്നമെന്നും തനിക്ക് വീര്യം കുറഞ്ഞതാണ് ചിലരുടെ പ്രശ്നമെന്നും കൂട്ടിച്ചേർത്തു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റാൽ പ്രതിപക്ഷത്തിരുന്ന് സംസാരിക്കുന്നത് പോലെ എളുപ്പമല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കെപിസിസി സെക്രട്ടറി അഡ്വ. പി എം നിയാസുമായി സംസാരിച്ചിരുന്നുവെന്നും തങ്ങൾക്കിടയിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
#kmshaji#minister#statement
