പ്രമുഖ വാഹന നിർമ്മാതാക്കളായ കിയ ഇന്ത്യ തങ്ങളുടെ ജനപ്രിയ മോഡലായ സെൽറ്റോസ് (Seltos) എസ്യുവിയുടെ ഏറ്റവും പുതിയ ടോപ്പ്-എൻഡ് വകഭേദങ്ങൾ വിപണിയിൽ ഇറക്കി. GTX (O), X-Line (O) എന്നീ രണ്ട് പുതിയ വേരിയന്റുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 21.57 ലക്ഷം രൂപ മുതലാണ് ഈ പുത്തൻ മോഡലുകളുടെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്.
നിലവിൽ സെൽറ്റോസ് ശ്രേണിയിലെ ഏറ്റവും ഉയർന്ന മോഡലുകളായിരുന്ന GTX (A), X-Line (A) വകഭേദങ്ങൾക്ക് പകരമായാണ് കൂടുതൽ സുരക്ഷാ ഫീച്ചറുകളോടെ ഈ പുതിയ പതിപ്പുകൾ എത്തിയിരിക്കുന്നത്. അതേസമയം, കിയ സെൽറ്റോസ് എസ്യുവിയുടെ പ്രാരംഭ മോഡലുകളുടെ എക്സ്-ഷോറൂം വില 10.99 ലക്ഷം രൂപയായി തന്നെ തുടരും.
28 സുരക്ഷാ ഫീച്ചറുകളുമായി ADAS F+ സാങ്കേതികവിദ്യ
പുതിയ വകഭേദങ്ങളുടെ ഏറ്റവും വലിയ ആകർഷണം അതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ADAS F+ (Advanced Driver Assistance Systems) സുരക്ഷാ പാക്കേജാണ്. നിലവിലുണ്ടായിരുന്ന 21 ഫീച്ചറുകളിൽ നിന്നും ഉയർത്തി, മൊത്തം 28 നൂതന ഡ്രൈവർ സഹായ സുരക്ഷാ ഫീച്ചറുകളാണ് ഇതിൽ നൽകിയിട്ടുള്ളത്.
-
അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത: സാധാരണയായി ലഭിക്കുന്ന ഫോർവേഡ് കൊളീഷൻ വാണിങ്, ലെയ്ൻ-കീപ്പിംഗ് സംവിധാനങ്ങൾക്ക് പുറമെ; ലെയ്ൻ മാറുന്ന സമയത്തുണ്ടാകുന്ന അപകടങ്ങൾ തടയാനുള്ള ‘ലെയ്ൻ-ചേഞ്ച്-സൈഡ്’, ‘ലെയ്ൻ-ചേഞ്ച്-ഓൺകമിംഗ് കൊളീഷൻ അലേർട്ട്’ എന്നിവ ഇതിലുണ്ട്.
-
ഹൈവേ ഡ്രൈവിങ് അസിസ്റ്റ്: ഹൈവേകളിലെ സുരക്ഷിതമായ യാത്രയ്ക്കായി എവേസിവ് സ്റ്റിയറിങ് അസിസ്റ്റ്, ഹൈവേ ഡ്രൈവിങ് അസിസ്റ്റ് എന്നീ അത്യാധുനിക സംവിധാനങ്ങളും ഇതിലൂടെ ലഭ്യമാകും.
പ്രീമിയം ഫീച്ചറുകളുടെ വൻനിര
സുരക്ഷയ്ക്ക് പുറമെ യാത്രക്കാരുടെ സൗകര്യങ്ങൾക്കും മുൻഗണന നൽകിയാണ് പുതിയ GTX (O), X-Line (O) മോഡലുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രധാന ഫീച്ചറുകൾ താഴെ പറയുന്നവയാണ്:
-
കണക്റ്റഡ് കോക്ക്പിറ്റ്: പ്രാദേശിക ഭാഷകളിലെ വോയ്സ് കമാൻഡുകളെ പിന്തുണയ്ക്കുന്ന കണക്റ്റഡ് കാർ നാവിഗേഷൻ കോക്ക്പിറ്റാണ് ഇതിലുള്ളത്.
-
ഡിജിറ്റൽ കീ & എച്ച്യുഡി: വിൻഡ്ഷീൽഡിലേക്ക് ഡ്രൈവിങ് വിവരങ്ങൾ പ്രൊജക്റ്റ് ചെയ്യുന്ന ഹെഡ്-അപ്പ് ഡിസ്പ്ലേയും (HUD), സ്മാർട്ട്ഫോൺ ഉപയോഗിച്ച് വണ്ടി ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സഹായിക്കുന്ന ഡിജിറ്റൽ കീ സംവിധാനവും ഇതിലുണ്ട്.
-
ഡാഷ് ക്യാമറയും എയർ പ്യൂരിഫയറും: മൊബൈൽ ആപ്ലിക്കേഷൻ വഴി നിയന്ത്രിക്കാൻ കഴിയുന്ന മുൻ-പിൻ ഡാഷ് ക്യാമറകളും, വായുവിന്റെ ഗുണനിലവാരം (AQI) കാണിക്കുന്ന സ്മാർട്ട് എയർ പ്യൂരിഫയറും ഇതിലൊരുക്കിയിരിക്കുന്നു.
ഇവ കൂടാതെ റെയിൻ സെൻസിങ് വൈപ്പറുകൾ, നാല് ഡോറുകളിലും വൺ-ടച്ച് ഓട്ടോ അപ്പ്/ഡൗൺ പവർ വിൻഡോകൾ, 85-ലധികം സ്മാർട്ട് ഫീച്ചറുകളുള്ള കിയ കണക്റ്റ് 2.0 (Kia Connect 2.0) ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും ഈ ടോപ്പ് വേരിയന്റുകളുടെ പ്രത്യേകതയാണ്. 1.5 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളിൽ ഓട്ടോമാറ്റിക് ഗിയർബോക്സിനൊപ്പം മാത്രമാണ് ഈ വകഭേദങ്ങൾ ലഭ്യമാകുക.
