തിരുവനന്തപുരം: മധ്യകേരളത്തിലെയും മാവേലിക്കര മണ്ഡലത്തിലെയും ആയിരക്കണക്കിന് റെയിൽവേ യാത്രക്കാർക്ക് ആശ്വാസമായി പാലരുവി എക്സ്പ്രസും മധുര – ഗുരുവായൂർ എക്സ്പ്രസും അത്യാധുനിക എൽഎച്ച്ബി (Linke Hofmann Busch) കോച്ചുകളിലേക്ക് മാറുന്നു. ജൂലൈ 20 മുതൽ പാലരുവി എക്സ്പ്രസും ജൂലൈ 26 മുതൽ മധുര – ഗുരുവായൂർ എക്സ്പ്രസും പുതിയ എൽഎച്ച്ബി കോച്ചുകളുമായി സർവീസ് നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യ പരിഗണിച്ചാണ് ഈ മാറ്റം. കൂടാതെ, ദീർഘദൂര യാത്രക്കാരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് പാലരുവി എക്സ്പ്രസിൽ ഒരു തേർഡ് എസി (3 Tier AC) കോച്ച് കൂടി അധികമായി അനുവദിച്ചിട്ടുണ്ടെന്നും എംപി വ്യക്തമാക്കി.
തന്റെ നിരന്തരമായ ഇടപെടലുകളുടെയും റെയിൽവേ മന്ത്രാലയവുമായുള്ള തുടർച്ചയായ ചർച്ചകളുടെയും ഫലമായാണ് ഇരു ട്രെയിനുകൾക്കും ആധുനിക കോച്ചുകൾ ലഭ്യമാക്കാൻ കഴിഞ്ഞതെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. നേരത്തെ ഈ രണ്ട് ട്രെയിനുകളും കേരളത്തിന് അനുവദിപ്പിക്കുന്നതിലും സമാനമായ ഇടപെടൽ ഉണ്ടായിരുന്നു. ഇതിന് പുറമെ, അമൃത എക്സ്പ്രസിനും എൽഎച്ച്ബി കോച്ചുകൾ അനുവദിക്കണമെന്ന ആവശ്യം റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അത് എത്രയും വേഗം യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്താണ് എൽഎച്ച്ബി (LHB) കോച്ചുകൾ?
ഇന്ത്യൻ റെയിൽവേ നിലവിൽ ഉപയോഗിക്കുന്ന പഴയ നീല നിറത്തിലുള്ള ഐസിഎഫ് (ICF) കോച്ചുകൾക്ക് പകരമായാണ് അത്യാധുനിക എൽഎച്ച്ബി കോച്ചുകൾ അവതരിപ്പിക്കുന്നത്. ജർമ്മൻ സാങ്കേതികവിദ്യയിൽ രൂപകൽപ്പന ചെയ്ത് നിലവിൽ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്ന ഈ കോച്ചുകൾക്ക് സവിശേഷതകൾ ഏറെയാണ്:
-
ഉയർന്ന സുരക്ഷ: അപകടമുണ്ടായാൽ കോച്ചുകൾ ഒന്നിനുമുകളിൽ മറ്റൊന്നായി കയറുകയോ തകരുകയോ ഇല്ല (Anti-telescopic feature). ഇത് ദുരന്തങ്ങളുടെ വ്യാപ്തി വൻതോതിൽ കുറയ്ക്കുന്നു.
-
കൂടുതൽ വേഗത: മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഇവയ്ക്ക് ശേഷിയുണ്ട്.
-
മെച്ചപ്പെട്ട യാത്രാസുഖം: ആധുനിക ബ്രേക്കിങ് സംവിധാനവും ഭാരക്കുറവും കാരണം കുലുക്കം കുറഞ്ഞ, സുഖകരമായ യാത്ര സമ്മാനിക്കുന്നു.
നിലവിൽ രാജ്യത്തെ പ്രമുഖ ട്രെയിനുകളായ രാജധാനി, ശതാബ്ദി, വന്ദേ ഭാരത് തുടങ്ങിയവയിലെല്ലാം എൽഎച്ച്ബി കോച്ചുകളാണ് ഉപയോഗിക്കുന്നത്. ഈ നിരയിലേക്കാണ് ഇനി പാലരുവിയും മധുര – ഗുരുവായൂർ എക്സ്പ്രസും ചുവടുവെക്കുന്നത്.
