ഗുരുവായൂർ: ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റിക്കോർഡ് വിവാഹ ബുക്കിംഗ്. അവിട്ടം നക്ഷത്രവും ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയും ഒന്നിച്ചെത്തുന്ന ആഗസ്റ്റ് 24-ന് (ചിങ്ങം 8) താലിചാർത്താൻ ഇതുവരെ 392 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്.
ആഗസ്റ്റ് 23 ശനിയാഴ്ച വരെ ബുക്കിംഗിന് അവസരമുള്ളതിനാൽ വിവാഹങ്ങളുടെ എണ്ണം 400 കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 സെപ്റ്റംബർ 8-ന് നടന്ന 334 വിവാഹങ്ങളാണ് നിലവിൽ ഗുരുവായൂരിലെ ഏറ്റവും ഉയർന്ന റിക്കോർഡ്. ഈ റിക്കോർഡാണ് ഇത്തവണ പഴങ്കഥയാകാൻ പോകുന്നത്.
5 പുതിയ മണ്ഡപങ്ങൾ കൂടി ഒരുക്കും
വിവാഹ ബുക്കിംഗ് കുത്തനെ ഉയർന്നതോടെ ഭക്തർക്ക് ബുദ്ധിമുട്ടില്ലാതെ ചടങ്ങുകൾ നടത്താൻ വിപുലമായ സൗകര്യങ്ങളാണ് ദേവസ്വം ഒരുക്കുന്നത്.
-
നിലവിൽ 4 മണ്ഡപങ്ങളാണ് ഗുരുവായൂരിൽ ഉള്ളത്.
-
തിരക്ക് പ്രമാണിച്ച് 5 താത്കാലിക മണ്ഡപങ്ങൾ കൂടി പുതുതായി സജ്ജീകരിക്കും.
ഇതോടെ ആകെ 9 മണ്ഡപങ്ങളിലായിരിക്കും വിവാഹച്ചടങ്ങുകൾ നടക്കുക. തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക സെക്യൂരിറ്റി ജീവനക്കാരെയും കൂടുതൽ ദേവസ്വം ജീവനക്കാരെയും പ്രദേശത്ത് വിന്യസിക്കും.
