തിരുവനന്തപുരം/മഹാബലിപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികൾ തമിഴ്നാട്ടിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നിന്ന് കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തമിഴ്നാട് മുഖ്യമന്ത്രി ഈ ഉറപ്പ് നൽകിയത്.
മഹാബലിപുരത്ത് വെച്ച് നടന്ന സതേൺ സോണൽ കൗൺസിൽ യോഗത്തിനിടയിലാണ് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ നിർമാണ മേഖല നേരിടുന്ന പ്രത്യേക സാഹചര്യങ്ങളും പ്രതിസന്ധികളും ചൂണ്ടിക്കാട്ടി വി.ഡി. സതീശൻ ഉന്നയിച്ച ആവശ്യത്തോടാണ് തമിഴ്നാട് അനുകൂലമായി പ്രതികരിച്ചത്.
ഇക്കാര്യത്തിൽ ഇരു സംസ്ഥാനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ തുടർചർച്ചകൾ നടത്താനും ഉടൻ തന്നെ ഉചിതമായ തീരുമാനത്തിൽ എത്തിച്ചേരാനും യോഗത്തിൽ ധാരണയായി. നിർമാണ സാമഗ്രികളുടെ നിയന്ത്രണം കേരളത്തിലെ വിവിധ പദ്ധതികളെ പ്രതികൂലമായി ബാധിക്കുന്നത് ചൂണ്ടിക്കാട്ടി വി.ഡി. സതീശൻ നേരത്തെ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.
#KeralaNews #VDSatheesan #CJosephVijay #KeralaTamilNadu #SouthernZonalCouncil #TamilNadu #Kerala
