വടകര: കോഴിക്കോട് വടകരയിൽ വൻ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ബി.ആർ.സി (ബ്ലോക്ക് റിസോഴ്സ് സെന്റർ) അധ്യാപികമാരായ കീർത്തനയും കാവ്യയും നയിച്ചിരുന്നത് അതീവ ആഡംബര ജീവിതമെന്ന് പൊലീസ് കണ്ടെത്തൽ. അധ്യാപന പരിശീലനവും ശില്പശാലകളും സംഘടിപ്പിക്കേണ്ട രണ്ടുപേരാണ് ലഹരി സംഘത്തിന്റെ പ്രധാന കണ്ണികളായി പ്രവർത്തിച്ചത്. കേസിന് പിന്നാലെ ഇവരെ രണ്ടുപേരെയും വിദ്യാഭ്യാസ വകുപ്പ് സർവീസിൽ നിന്ന് പിരിച്ചുവിട്ടു.
ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിൽ നിന്ന് പ്രതിമാസം 12,000 രൂപ മാത്രം ശമ്പളം ലഭിച്ചിരുന്ന ഇരുവരുടെയും അക്കൗണ്ടുകളിലൂടെ കോടികളുടെ സാമ്പത്തിക ഇടപാടുകളാണ് നടന്നിട്ടുള്ളത്. ഇരുവരുടെയും ജീവിതരീതിയിൽ സഹപ്രവർത്തകർക്കും പൊലീസിനും തോന്നിയ സംശയമാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്.
ഗൂഗിൾ മാപ്പും ക്യുആർ കോഡും; ഇടപാടുകൾ ഹൈടെക്
ലഹരിവിൽപനയുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങൾ പൂർണ്ണമായും നിയന്ത്രിച്ചിരുന്നത് കീർത്തനയും കാവ്യയുമായിരുന്നു. മയക്കുമരുന്ന് ആവശ്യപ്പെടുന്നവർക്ക് ക്യുആർ കോഡ് അയച്ചുകൊടുത്ത് അക്കൗണ്ട് വഴി പണം സ്വീകരിക്കുകയാണ് ഇവരുടെ രീതി. ലഹരി ആവശ്യമുള്ളവർക്ക് ലൊക്കേഷൻ ഗൂഗിൾ മാപ്പ് വഴി പങ്കുവെച്ച് സംഘത്തിന് വഴിയൊരുക്കുന്ന ചുമതലയും ഇവർക്കായിരുന്നു.
കീർത്തനയുടെയും ലഹരി സംഘാംഗങ്ങളുടെയും അക്കൗണ്ടുകളിൽ നിന്ന് കാവ്യയുടെ അക്കൗണ്ടിലേക്ക് പണമെത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ നിർദ്ദേശം നൽകിയത് ആരാണെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
പിടിവീണത് ‘ഓപ്പറേഷൻ തൂഫാനി’ലൂടെ
രണ്ട് ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ വടകര സ്വദേശി സഫ്വാനിൽ നിന്ന് ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി നടത്തിയ ചോദ്യം ചെയ്യലിലാണ് അധ്യാപികമാരുടെ പങ്കിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്.
ലഹരിക്കെതിരെ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളെ അണിനിരത്തി സൂംബ ഡാൻസ് ക്യാമ്പയിനുകൾക്ക് മുൻകൈ എടുത്ത് ചുവടുവെച്ച വ്യക്തി കൂടിയാണ് പ്രധാന പ്രതിയായ കീർത്തന. കേസിൽ മറ്റ് അധ്യാപകർക്കോ സഹപ്രവർത്തകർക്കോ പങ്കുണ്ടോയെന്നും ഇവരുമായി ലഹരി ഇടപാട് നടത്തിയിരുന്ന മറ്റുള്ളവരെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്. പണം അയച്ചുകൊടുത്തവരെയും എം.ഡി.എം.എ എത്തിച്ചു നൽകിയ പ്രധാന കണ്ണിയെയും കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
