തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി സർക്കാർ ആവിഷ്കരിച്ച ‘പ്രിയദർശിനി സൗജന്യയാത്ര പദ്ധതി’ ജൂലൈ 15-ന് ഒരു മാസം തികയുന്നു. വലിയ ആവേശത്തോടെയാണ് സ്ത്രീ യാത്രാക്കാർ ഈ ജനപ്രിയ പദ്ധതിയെ നെഞ്ചിലേറ്റിയത്. പദ്ധതി നടപ്പിലായതോടെ ഓർഡിനറി ബസുകളിൽ യാത്ര ചെയ്യുന്ന വനിതകളുടെ എണ്ണത്തിൽ ഇരട്ടിയോളമാണ് വർദ്ധനവുണ്ടായിരിക്കുന്നത്.
ദിവസേന യാത്ര ചെയ്യുന്ന സാധാരണക്കാരായ സ്ത്രീകൾക്ക് വലിയ സാമ്പത്തിക ആശ്വാസമാണ് പദ്ധതി സമ്മാനിക്കുന്നത്. പലർക്കും മാസം 3,000 രൂപ വരെ യാത്രാക്കൂലി ഇനത്തിൽ മാത്രം മിച്ചം പിടിക്കാൻ സാധിക്കുന്നുണ്ടെന്നാണ് യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നത്. കുടുംബ ബഡ്ജറ്റുകളെ ഇത് അനുകൂലമായി സ്വാധീനിക്കുന്നുണ്ട്.
യാത്രക്കാർക്ക് ആശ്വാസമാണെങ്കിലും സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആർടിസിക്കും സർക്കാരിനും ഇത് വലിയ കെണിയാവുകയാണ്. ആദ്യ മാസത്തെ കണക്കുകൾ പുറത്തുവരുമ്പോൾ, സർക്കാർ കെഎസ്ആർടിസിക്ക് സബ്സിഡി ഇനത്തിൽ നൽകേണ്ട തുക പ്രതിമാസം 30 കോടി രൂപയെങ്കിലും വർദ്ധിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൃത്യസമയത്ത് ഈ തുക കെഎസ്ആർടിസിക്ക് സർക്കാർ കൈമാറിയില്ലെങ്കിൽ അത് വരും ദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാക്കും.
ആദ്യമാസം പിന്നിടുമ്പോൾ തിരക്ക് നിയന്ത്രണാതീതമായി തുടരുകയാണ്. ഓർഡിനറി ബസുകളിൽ പലതിലും സൂചികുത്താൻ ഇടമില്ലാത്ത അവസ്ഥയാണ്. പല റൂട്ടുകളിലും വാതിലിൽ ചാരിനിന്നുപോലും സ്ത്രീകൾക്ക് യാത്ര ചെയ്യേണ്ടി വരുന്നു.
ബസുകൾ കവിഞ്ഞൊഴുകുന്നതോടെ വഴിയിൽ കാത്തുനിൽക്കുന്ന യാത്രക്കാർക്ക് ബസിൽ കയറാൻ സാധിക്കാത്ത സ്ഥിതിയാണ്. തിരക്ക് കാരണം സ്റ്റോപ്പുകളിൽ ആളുകൾക്ക് ഇറങ്ങാൻ വേണ്ടി മാത്രമാണ് പലപ്പോഴും ഡ്രൈവർമാർ ബസ് നിർത്തുന്നത്. കയറാൻ നിൽക്കുന്നവർ നിരാശയോടെ നോക്കിനിൽക്കേണ്ടി വരുന്നു. തിരക്ക് വർദ്ധിച്ചതോടെ ജീവനക്കാരും യാത്രക്കാരും തമ്മിലുള്ള തർക്കങ്ങളും പതിവായിട്ടുണ്ട്.
