യുവനടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രശസ്ത ബോളിവുഡ് സംവിധായകൻ ഷകീൽ നൂറാനി (72) അറസ്റ്റിൽ. കേസിൽ പ്രതിയായതിനെ തുടർന്ന് കഴിഞ്ഞ 40 ദിവസമായി ഒളിവിലായിരുന്ന ഇയാളെ മഹാബലേശ്വറിൽ നിന്നാണ് മുംബൈ പോലീസ് ശനിയാഴ്ച പിടികൂടിയത്.
കഴിഞ്ഞ നാല് വർഷമായി ഷകീൽ നൂറാനി തന്നോട് നിരന്തരം ലൈംഗിക അതിക്രമം കാട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കാണിച്ച് നടി പോലീസിൽ പരാതി നൽകുകയായിരുന്നു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നാല് വർഷത്തോളമായി പീഡിപ്പിച്ചു വരികയാണെന്നും ഇതിനെ എതിർത്തപ്പോൾ ഭീഷണിപ്പെടുത്തിയെന്നും നടി പരാതിയിൽ വ്യക്തമാക്കുന്നു.
കേസ് രജിസ്റ്റർ ചെയ്ത വിവരം പുറത്തറിഞ്ഞതോടെയാണ് നൂറാനി ഒളിവിൽ പോയത്. തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കുകയും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മഹാബലേശ്വറിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടു.
