കണ്ണൂർ: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും കോടതി മൂന്ന് ദിവസം അനുവദിക്കുകയായിരുന്നു. അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വിടരുതെന്നും വ്യാജ തെളിവുകൾ ഉണ്ടാക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ഇത് തള്ളി.
ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ നിലവിൽ റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയുടെ വീട്ടിൽ കണ്ണൂർ സൈബർ പോലീസ് ഇന്നലെ നടത്തിയ പരിശോധനയിൽ ഒരു ലാപ്ടോപ്പ് പിടിച്ചെടുത്തിരുന്നു. കണ്ണൂർ സൈബർ പോലീസ് എസ്.എച്ച്.ഒ എ. അനൂപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അർജുൻ ആയങ്കിയുടെ അമ്മയുടെയും സഹോദരൻ അജയ് ആയങ്കിയുടെയും മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
അധിക്ഷേപകരമായ പോസ്റ്റുകൾ ഇടാൻ ഉപയോഗിച്ച ഡിജിറ്റൽ ഉപകരണങ്ങൾ കണ്ടെത്തുകയാണ് പോലീസിന്റെ പ്രധാന ലക്ഷ്യം. പിടിച്ചെടുത്ത ലാപ്ടോപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. മുൻപ് ഒരു മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നെങ്കിലും, ഒന്നിലധികം ഉപകരണങ്ങളിൽ നിന്നാണ് പോസ്റ്റുകൾ വന്നതെന്നാണ് പോലീസിന്റെ സംശയം.
ഒളിവിൽ കഴിഞ്ഞ സമയത്ത് പോലീസിനെ പരിഹസിച്ച് റീലുകളും ട്രോളുകളും പോസ്റ്റ് ചെയ്തത് സുഹൃത്ത് പ്രണവാണെന്നാണ് ആയങ്കി നൽകിയ മൊഴി. ഒളിവിലുള്ള പ്രണവിനായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഒളിവിൽ കഴിയവെ മറ്റ് ആർക്കെങ്കിലും സോഷ്യൽ മീഡിയ പേജുകളുടെ അഡ്മിൻ ചുമതല നൽകിയിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ഇതിനുപുറമെ കോതമംഗലം പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ പ്രൊഡക്ഷൻ വാറണ്ടുമായി കോടതിയെ സമീപിക്കാനും, തുടർച്ചയായി ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്നതിനാൽ അർജുൻ ആയങ്കിക്കെതിരെ കാപ്പ (KAAPA) ചുമത്താനും പോലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
