കണ്ണൂർ: കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ (ഓഗസ്റ്റ് 2) കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. സ്പെഷ്യൽ ക്ലാസുകൾ നടത്തുന്ന സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
മഴ കടുപ്പമായി തുടരുന്ന സാഹചര്യത്തിൽ ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.
പരീക്ഷകൾക്ക് മാറ്റമില്ല; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം
-
പരീക്ഷകൾ നടക്കും: മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
-
കെഎസ്ഇബി ജാഗ്രതാ നിർദേശം: അതിതീവ്ര മഴയിൽ വൈദ്യുതി ലൈനുകൾ പൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ വെള്ളക്കെട്ടുകളിലൂടെ സഞ്ചരിക്കുമ്പോൾ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ 1912 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ കെ.എസ്.ഇ.ബിയുമായി ബന്ധപ്പെടാം.
പഴശ്ശി ഡാമിന്റെ ഷട്ടറുകൾ 4 മീറ്ററിലേക്ക് ഉയർത്തും; പുഴയോരങ്ങളിൽ ജാഗ്രത
ശക്തമായ മഴയിൽ പഴശ്ശി ഡാമിന്റെ റിസർവോയറിലേക്കുള്ള നീരൊഴുക്ക് വലിയ തോതിൽ വർദ്ധിച്ചതിനെ തുടർന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി 15 ഷട്ടറുകൾ കൂടുതൽ ഉയർത്താൻ തീരുമാനിച്ചു. നിലവിൽ 3.5 മീറ്ററാണ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്. ഇത് ക്രമാനുഗതമായി 4 മീറ്ററിലേക്ക് ഉയർത്തും.
ഇതേത്തുടർന്ന് ബാവലിപ്പുഴയുടെയും വളപട്ടണം പുഴയുടെയും തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി.
ജാഗ്രത പാലിക്കേണ്ട പ്രദേശങ്ങൾ:
ബാവലിപ്പുഴ തീരം: പടിയൂർ, പായം, വിളമന, കീഴൂർ, വയത്തൂർ, ചാവശ്ശേരി.
വളപട്ടണം പുഴ തീരം: പടിയൂർ, ചാവശ്ശേരി, പൊറോറ, എളയന്നൂർ, കൊട്ടാരം, മണ്ണൂർ.
