ന്യൂഡൽഹി: യാത്രക്കാർക്കായി ട്രെയിൻ ടിക്കറ്റ് ബുക്കിങ് സൗകര്യം ആരംഭിച്ച് പ്രമുഖ റൈഡ് ഷെയറിങ് ആപ്പായ ഊബർ. ഓൺലൈൻ ട്രാവൽ പ്ലാറ്റ്‌ഫോമായ ‘ഇക്സിഗോ’യുമായി (ixigo) സഹകരിച്ചാണ് പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇനി മുതൽ ഊബർ ആപ്പിലൂടെ തന്നെ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും, പിഎൻആർ (PNR) സ്റ്റാറ്റസ് പരിശോധിക്കാനും, റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചുമുള്ള യാത്രാ റൈഡുകൾ ഒരുമിച്ച് പ്ലാൻ ചെയ്യാനും സാധിക്കും.
ഇക്സിഗോയുടെ റെയിൽവേ ബുക്കിങ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് ഊബർ ഈ ഫീച്ചർ ലഭ്യമാക്കുന്നത്. ഇന്ത്യയിലെ യാത്രകളിൽ ട്രെയിനുകൾക്ക് വലിയ പങ്കുണ്ടെന്നും, വീടുകളിൽ നിന്ന് തുടങ്ങി ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെയുള്ള യാത്രാനുഭവം സുഗമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഊബർ ഇന്ത്യ ആന്റ് സൗത്ത് ഏഷ്യ ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടർ അർണബ് കുമാർ വ്യക്തമാക്കി.
ബുക്കിങ് ചെയ്യുന്നത് എങ്ങനെ?
-
ഊബർ ആപ്പിലെ ‘Bus & Train’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
-
അതിൽ ‘Train tickets’ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക.
-
പുറപ്പെടുന്ന സ്ഥലം, പോകേണ്ട സ്ഥലം, യാത്രാ തീയതി എന്നിവ നൽകി അനുയോജ്യമായ ട്രെയിൻ തിരഞ്ഞെടുത്ത് ബുക്കിംഗ് പൂർത്തിയാക്കാം.
-
ശേഷം റെയിൽവേ സ്റ്റേഷനിലേക്കോ തിരികെ വീട്ടിലേക്കോ ഉള്ള ഊബർ റൈഡും ഇതോടൊപ്പം ബുക്ക് ചെയ്യാം.
രാജ്യത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ നിലവിൽ തന്നെ ഊബറിന് പ്രത്യേക പിക്ക്-അപ്പ്, ഡ്രോപ്പ്-ഓഫ് സോണുകളുണ്ട്. പുതിയ ഫീച്ചർ എത്തുന്നതോടെ സ്റ്റേഷൻ കണക്റ്റിവിറ്റിക്ക് അപ്പുറത്തേക്ക് ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യം ലഭിക്കും.
2026 സാമ്പത്തിക വർഷത്തിൽ മാത്രം 7,410 മില്യൺ യാത്രക്കാരാണ് ഇന്ത്യൻ റെയിൽവേയെ ആശ്രയിച്ചത്. ബൈക്ക്, ഓട്ടോ, കാറുകൾ, മെട്രോ ടിക്കറ്റിങ്, ഇന്റർസിറ്റി ബസ് സർവീസുകൾ എന്നിവയ്ക്ക് പുറമെ ട്രെയിൻ ബുക്കിങ് കൂടെ എത്തിയതോടെ ഊബറിന്റെ മൾട്ടിമോഡൽ ട്രാവൽ സേവനങ്ങൾ കൂടുതൽ ശക്തമായിരിക്കുകയാണ്.
