ഇന്ത്യൻ ക്രിക്കറ്റിലെ ഫിറ്റ്‌നസിന്റെ അവസാന വാക്കായി നിലകൊള്ളുന്ന മുൻ നായകനുമായ വിരാട് കോഹ്‌ലിയെ മാതൃകയാക്കാൻ ശ്രമിച്ചതിനെക്കുറിച്ചുള്ള രസകരമായ അനുഭവം പങ്കുവെച്ച് മലയാളി താരം സഞ്ജു സാംസൺ. കോഹ്‌ലിയുടെ ജീവിതരീതി കണ്ടുപഠിച്ച് ഫിറ്റ്‌നസ് ശീലങ്ങൾ പിന്തുടരാൻ ശ്രമിച്ചെങ്കിലും ദീർഘകാലം അത് മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ലെന്നാണ് സഞ്ജു തുറന്നുപറഞ്ഞത്. ജിയോ സ്റ്റാറിന്റെ ‘ബിലീവ്’ എന്ന പരിപാടിയിലായിരുന്നു സഞ്ജുവിന്റെ ഈ വെളിപ്പെടുത്തൽ.
ഇന്ത്യൻ ടീമിന്റെ ക്യാമ്പിനിടെ ജിമ്മിൽ വെച്ച് കോഹ്‌ലിയോട് ഉപദേശം ചോദിച്ച സംഭവമാണ് സഞ്ജു പങ്കുവെച്ചത്:
“വിരാട് ഭായ് എങ്ങനെയാണെന്ന് നമുക്കെല്ലാവർക്കും അറിയാം. കാര്യങ്ങളിൽ വളരെ വ്യക്തതയുള്ള ആളാണ് അദ്ദേഹം. ജിമ്മിൽ അദ്ദേഹം കാണിക്കുന്ന ആവേശവും അച്ചടക്കവും എന്നെ എപ്പോഴും ആകർഷിച്ചിട്ടുണ്ട്. ഒരിക്കൽ ഞാൻ അദ്ദേഹത്തോട് ഫിറ്റ്‌നസ് ഉപദേശം ചോദിച്ചു,” സഞ്ജു പറഞ്ഞു.
അന്താരാഷ്ട്ര തലത്തിൽ തിളങ്ങാൻ കളി മികവിനൊപ്പം തന്നെ ജീവിതരീതിയും പ്രധാനമാണെന്ന് കോഹ്‌ലി സഞ്ജുവിനെ ഉപദേശിച്ചു. ഏത് തരം ഭക്ഷണമാണ് ശരീരത്തിന് പെട്ടെന്ന് ഊർജ്ജവും റിക്കവറിയും നൽകുകയെന്നും, ഏതൊക്കെയാണ് ഒഴിവാക്കേണ്ടതെന്നും കോഹ്‌ലി വിശദീകരിച്ചു നൽകി. അടുത്ത 10 വർഷത്തേക്ക് ഈ അച്ചടക്കം കാത്തുസൂക്ഷിച്ചാൽ മികച്ചൊരു കരിയർ ഉണ്ടാകുമെന്നും കോഹ്‌ലി സഞ്ജുവിനോട് പറഞ്ഞു.
എന്നാൽ ഈ ഉപദേശം പിന്തുടരാൻ തുടങ്ങിയെങ്കിലും ഒന്നര വർഷത്തോളമായപ്പോഴേക്കും തനിക്ക് അത് അതേപടി മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ലെന്ന് സഞ്ജു കൂട്ടിച്ചേർത്തു.
അതോടൊപ്പം തന്റെ ഭാവിയെക്കുറിച്ചും സഞ്ജു മനസ്സ് തുറന്നു. 2028-ലെ ടി20 ലോകകപ്പിൽ കാര്യങ്ങൾ തനിക്ക് അനുകൂലമായി വന്നില്ലെങ്കിലും തന്റെ കായിക ജീവിതത്തോട് എന്നും കൃതജ്ഞതയുള്ളവനായിരിക്കുമെന്നും താരം പറഞ്ഞു. ഇന്ത്യയുടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിൽ തിളങ്ങാൻ സാധിക്കാത്തതിനെ തുടർന്ന് സിംബാബ്‌വെ പര്യടനത്തിനുള്ള ടി20 സ്‌ക്വാഡിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയിരുന്നു.
