ന്യൂഡൽഹി: ദേശീയ ഗീതമായ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന കേന്ദ്രസർക്കാർ നിലപാടിൽ പ്രതിപക്ഷ പാർട്ടികൾ എതിർപ്പറിയിച്ചതോടെ വിഷയം വീണ്ടും ദേശീയതലത്തിൽ വലിയ രാഷ്ട്രീയ ചർച്ചയാകുന്നു. പൊതുപരിപാടികളിലും പാർട്ടി യോഗങ്ങളിലും വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ഖണ്ഡികകൾ മാത്രം ആലപിച്ചാൽ മതിയെന്നാണ് കോൺഗ്രസ് വർക്കിങ് കമ്മിറ്റിയുടെ തീരുമാനം. ഇത് 1937-ൽ മഹാത്മാഗാന്ധിയും രവീന്ദ്രനാഥ ടാഗോറും അടങ്ങുന്ന അന്നത്തെ മുതിർന്ന നേതാക്കൾ എടുത്ത ചരിത്രപരമായ തീരുമാനത്തിന്റെ തുടർച്ചയാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
വന്ദേമാതരത്തിന്റെ ചരിത്ര പശ്ചാത്തലം
1875-ൽ ബങ്കിം ചന്ദ്ര ചാറ്റർജിയാണ് സംസ്കൃതവും ബംഗാളിയും കലർന്ന ഭാഷയിൽ വന്ദേമാതരം രചിച്ചത്. 1882-ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ പ്രശസ്തമായ ‘ആനന്ദമഠം’ എന്ന നോവലിന്റെ ഭാഗമായി ഈ ഗാനം ഉൾപ്പെടുത്തി. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തിനും പ്രാദേശിക മുസ്ലിം ഭരണാധികാരികൾക്കുമെതിരെ ബംഗാളിൽ നടന്ന സന്ന്യാസി കലാപത്തിന്റെ പശ്ചാത്തലത്തിലാണ് നോവൽ രചിക്കപ്പെട്ടത്.
1905-08 കാലഘട്ടത്തിലെ സ്വദേശി പ്രസ്ഥാനത്തോടെയാണ് ഗാനം സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകമായി മാറിയത്. എന്നാൽ, ‘മാതാവിനെ വണങ്ങുന്നത്’ വിഗ്രഹാരാധനയ്ക്ക് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് തുടക്കം മുതലേ ഈ ഗാനത്തിലെ ചില പരാമർശങ്ങളെ എതിർത്തിരുന്നു.
ടാഗോറിന്റെയും ഗാന്ധിജിയുടെയും നിലപാട്
ഗാനത്തെച്ചൊല്ലി തർക്കങ്ങൾ ഉയർന്നപ്പോൾ ജവഹർലാൽ നെഹ്റുവും സുഭാഷ് ചന്ദ്രബോസും രവീന്ദ്രനാഥ ടാഗോറിന്റെ അഭിപ്രായം തേടി. ഗാനത്തിന്റെ ആദ്യ ഭാഗം മാതൃഭൂമിയോടുള്ള സ്നേഹവും ഭക്തിയും നിറഞ്ഞുനിൽക്കുന്ന ഒന്നാണെന്നും എന്നാൽ മുഴുവൻ കവിതയും വായിക്കുമ്പോൾ അത് മറ്റ് മതവിഭാഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയേക്കാമെന്നും ടാഗോർ വ്യക്തമാക്കി.
തുടർന്ന് 1937 ഒക്ടോബറിൽ ദേശീയ സമ്മേളനങ്ങളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ആലപിച്ചാൽ മതിയെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി തീരുമാനിച്ചു. മഹാത്മാഗാന്ധിയും ഈ നിലപാടിനെ പിന്തുണച്ചു. വ്യത്യസ്ത വിഭാഗങ്ങൾ ഒത്തുചേരുന്ന സമ്മേളനങ്ങളിൽ തർക്കത്തിന് വഴിതുറക്കുന്ന രീതിയിൽ ഗാനം ആലപിക്കരുതെന്ന് 1939-ൽ ‘ഹരിജൻ’ പത്രത്തിലെഴുതിയ ലേഖനത്തിൽ ഗാന്ധിജി വ്യക്തമാക്കിയിരുന്നു.
എതിർപ്പിന് കാരണം
ഗാനത്തിലെ മൂന്ന്, നാല്, അഞ്ച് ഖണ്ഡികകളിലാണ് പ്രധാനമായും എതിർപ്പുകൾ നിലനിൽക്കുന്നത്. മാതൃഭൂമിയെ ദുർഗ, ലക്ഷ്മി, സരസ്വതി എന്നീ ഹിന്ദു ദേവിമാരോട് ഉപമിക്കുന്നതും, മാതൃഭൂമിയുടെ രൂപം ക്ഷേത്രങ്ങളിൽ കൊത്തിവെച്ചിട്ടുണ്ടെന്ന പരാമർശവുമാണ് മുസ്ലിം പണ്ഡിതന്മാരുടെ എതിർപ്പിന് പ്രധാന കാരണം. ഇത് ഇസ്ലാമിന്റെ അടിസ്ഥാന തത്വമായ ഏകദൈവ വിശ്വാസത്തിന് എതിരാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
അവസാന ഭാഗങ്ങൾ ‘ആനന്ദമഠം’ നോവലിലെ യുദ്ധ ആഹ്വാനവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ അത് ഒരു വിഭാഗത്തെ അന്യവത്കരിക്കുന്നതാണെന്ന് ചരിത്രകാരിയായ തനിക സർക്കാരും നിരീക്ഷിക്കുന്നുണ്ട്.
#VandeMataram #Congress #IndianPolitics #VandeMataramControversy #NationalSong #HistoryOfVandeMataram #RabindranathTagore #MahatmaGandhi
