പ്രേക്ഷകർക്ക് ശല്യമുണ്ടാക്കുന്ന വിധത്തിൽ സിനിമാ തിയറ്ററുകൾക്കുള്ളിൽ പെരുമാറുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി നർത്തകിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സൗഭാഗ്യ വെങ്കിടേഷ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്’ എന്ന ചിത്രം കാണാൻ തിയറ്ററിൽ പോയപ്പോഴുണ്ടായ മോശം അനുഭവം പങ്കുവെച്ചുകൊണ്ടാണ് സൗഭാഗ്യ രംഗത്തെത്തിയത്. സിനിമ കാണുന്നതിനിടെ ചിലർ തുടർച്ചയായി കമന്റടിച്ചും ഉച്ചത്തിൽ അശ്ലീല ശബ്ദങ്ങൾ ഉണ്ടാക്കിയും സിനിമാകാഴ്ച തടസ്സപ്പെടുത്തിയെന്ന് സൗഭാഗ്യ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
സിനിമാ തിയറ്ററിനുള്ളിലെ ലൈംഗിക വൈകൃതമുള്ള ഗുണ്ടകളാണ് എപ്പോഴും സിനിമയുടെ അന്തരീക്ഷവും തിയറ്ററുകളും നശിപ്പിക്കുന്നതെന്ന് സൗഭാഗ്യ തുറന്നടിച്ചു. ചിത്രം പ്രദർശിപ്പിക്കുന്ന സമയം മുഴുവൻ ഇത്തരക്കാർ അനാവശ്യവും അശ്ലീലവുമായ ശബ്ദങ്ങൾ ഉണ്ടാക്കുകയായിരുന്നു. ‘എ’ റേറ്റഡ് രംഗങ്ങളെന്ന് പറയപ്പെടുന്ന സിനിമയിലെ രംഗങ്ങളേക്കാൾ അശ്ലീലവും അസഹ്യവുമാണ് ഇവരുടെ ഇത്തരം ശബ്ദപ്രയോഗങ്ങളെന്നും താരം കുറിച്ചു.
സൗഭാഗ്യയുടെ പ്രതികരണത്തിന് പിന്നാലെ നിരവധി സിനിമാപ്രേമികളാണ് താരത്തെ പിന്തുണച്ചും സമാനമായ അനുഭവങ്ങൾ പങ്കുവെച്ചും രംഗത്തെത്തിയത്. തിയറ്ററുകളിൽ കുടുംബങ്ങൾക്കും മറ്റ് പ്രേക്ഷകർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ചിലർ നടത്തുന്ന അനാവശ്യവലുകളും മോശം പെരുമാറ്റങ്ങളും തടയാൻ തിയറ്റർ ഉടമകളും അധികൃതരും കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായിട്ടുണ്ട്.
#SowbhagyaVenkatesh #ToxicMovie #GeethuMohandas #TheatreExperience #Mollywood #SocialMediaViral #CinemaNews #MalayalamCinema #AudienceBehavior #MalayalamNews
