തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 12-ഓടെ ഇത് കൂടുതൽ ശക്തി പ്രാപിച്ച് ന്യൂനമർദ്ദമായി മാറാനാണ് സാധ്യത. നിലവിൽ മധ്യപ്രദേശിന് മുകളിലും മറ്റൊരു ന്യൂനമർദ്ദം തുടരുന്നുണ്ട്.
ന്യൂനമർദ്ദ സ്വാധീനത്താൽ കേരളത്തിൽ ഓഗസ്റ്റ് 10 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ വ്യാപകമായി നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
അടുത്ത 3 മണിക്കൂറിലെ മഴ മുന്നറിയിപ്പ്
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 10 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്:
-
ഇടത്തരം മഴയും കാറ്റും (മണിക്കൂറിൽ 40 കി.മീ വരെ വേഗത): കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്.
-
നേരിയ മഴയും കാറ്റും (മണിക്കൂറിൽ 30 കി.മീ വരെ വേഗത): സംസ്ഥാനത്തെ മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരദേശത്തും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
