മനാമ: പശ്ചിമേഷ്യൻ സംഘർഷം അതീവ ഗുരുതരമായി തുടരുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ കനത്ത വ്യോമാക്രമണം. ഇന്ന് പുലർച്ചെ മുതൽ ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങളിൽ ഒരേസമയം വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്ന അപായ സൈറണുകൾ മുഴങ്ങിയത് ജനങ്ങളെ വലിയ ഭീതിയിലാഴ്ത്തി. ഇറാൻ്റെയും യുഎസിൻ്റെയും സൈനിക നീക്കങ്ങൾക്ക് പിന്നാലെയാണ് ഗൾഫ് മേഖലയെ ഒന്നടങ്കം നടുക്കിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായത്.
ആക്രമണ ഭീഷണിയെ തുടർന്ന് ബഹ്റൈനിൽ ഇന്ന് പുലർച്ചെ രണ്ട് തവണയാണ് അപായ സൈറണുകൾ മുഴങ്ങിയത്. രാജ്യം വലിയൊരു വ്യോമാക്രമണ ഭീഷണി നേരിട്ട പശ്ചാത്തലത്തിൽ, പൊതുജനങ്ങൾ ആരും പരിഭ്രാന്തരാകരുതെന്നും അടിയന്തരമായി ഏറ്റവും അടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം സ്വദേശികൾക്കും പ്രവാസികൾക്കും കർശന നിർദ്ദേശം നൽകി.
ബഹ്റൈന് പിന്നാലെ കുവൈത്തിന് നേരെയും കനത്ത വ്യോമാക്രമണ ശ്രമമുണ്ടായി. എന്നാൽ കുവൈത്തിന്റെ ആധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾ രാജ്യത്തിന് നേരെ വന്ന മിസൈലുകളും ഡ്രോണുകളും ആകാശത്തുവെച്ച് വിജയകരമായി വെടിവെച്ചിട്ടു. ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടയിൽ ആകാശത്ത് വലിയ തോതിലുള്ള സ്ഫോടന ശബ്ദങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കുവൈത്ത് ആർമി ജനങ്ങൾക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. വൻ സ്ഫോടന ശബ്ദങ്ങൾ കേട്ട് ആരും ഭയപ്പെടേണ്ടതില്ലെന്നും രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ പൂർണ്ണ സജ്ജമാണെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഖത്തറിലും പുലർച്ചെ കനത്ത സുരക്ഷാ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. രാജ്യത്ത് ‘ഉയർന്ന സുരക്ഷാ ഭീഷണി’ നിലനിൽക്കുന്നുണ്ടെന്ന് അധികൃതർ ജനങ്ങളെ അറിയിച്ചെങ്കിലും, പിന്നീട് സ്ഥിതിഗതികൾ വേഗത്തിൽ നിയന്ത്രണവിധേയമായി. തുടർന്ന് രാവിലെ 7.25 ഓടെ ഈ ജാഗ്രതാ നിർദ്ദേശം അധികൃതർ പിൻവലിക്കുകയും ജനങ്ങൾ സുരക്ഷിതരാണെന്ന് അറിയിക്കുകയും ചെയ്തു. ഗൾഫ് രാജ്യങ്ങളിൽ ഒരേസമയം ഉണ്ടായ സൈറണുകളും മിസൈൽ ആക്രമണങ്ങളും പശ്ചിമേഷ്യയെ വൻ യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
