ന്യൂഡൽഹി: രാജ്യത്ത് 20 ശതമാനം എത്തനോൾ കലർത്തിയ ‘E20 പെട്രോൾ’ വ്യാപകമാക്കുന്നതിനിടെ ഉപഭോക്താക്കൾക്കിടയിൽ ഉയരുന്ന വിവിധ ആശങ്കകൾക്കും ചോദ്യങ്ങൾക്കും വ്യക്തമായ മറുപടിയുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഇന്ധനത്തിന്റെ മൈലേജ്, വിലനിർണ്ണയം, സുരക്ഷ എന്നിവ സംബന്ധിച്ച കാര്യങ്ങളിലാണ് സർക്കാർ ഔദ്യോഗിക വിശദീകരണം നൽകിയിരിക്കുന്നത്.
മൈലേജിൽ 3 മുതൽ 5% വരെ കുറവുണ്ടായേക്കാം
E20 പെട്രോൾ ഉപയോഗിക്കുമ്പോൾ ചില വാഹനങ്ങളുടെ മൈലേജിൽ മൂന്ന് മുതൽ അഞ്ച് ശതമാനം വരെ കുറവ് ഉണ്ടായേക്കാമെന്ന് പെട്രോളിയം മന്ത്രാലയം സമ്മതിച്ചു. എന്നാൽ, മൈലേജിലെ ഈ ചെറിയ കുറവ് മാത്രം കണക്കിലെടുത്ത് E20 ഇന്ധനത്തെ വിലയിരുത്തരുതെന്നും പരിസ്ഥിതിക്കും വാഹനത്തിന്റെ ദീർഘകാല പ്രകടനത്തിനും ഇത് നൽകുന്ന നേട്ടങ്ങൾ ഏറെ വലുതാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
എന്തുകൊണ്ട് E20 പെട്രോളിന് വില കുറയുന്നില്ല?
എത്തനോൾ കലർത്തുമ്പോഴും ഇന്ധനവിലയിൽ എന്തുകൊണ്ട് കുറവുണ്ടാകുന്നില്ലെന്ന പൊതുജനങ്ങളുടെ ചോദ്യത്തിനും സർക്കാർ കൃത്യമായ കാരണം വ്യക്തമാക്കി. രാജ്യത്തെ കർഷകരിൽ നിന്ന് എത്തനോൾ ഉൽപ്പാദനത്തിനായി വാങ്ങുന്ന കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കുന്ന നയമാണ് സർക്കാർ പിന്തുടരുന്നത്. ഉദാഹരണമായി, ചോളത്തിൽ നിന്ന് നിർമ്മിക്കുന്ന എത്തനോൾ ലിറ്ററിന് 71.86 രൂപ നിരക്കിലാണ് സർക്കാർ സംഭരിക്കുന്നത്. ഇതിന് പുറമെ ഗതാഗതം, സംഭരണം, നികുതി തുടങ്ങിയ ചെലവുകളും ഉൾപ്പെടുന്നതിനാലാണ് E20 ഇന്ധനം നിലവിൽ സാധാരണ പെട്രോളിനേക്കാൾ വിലകുറഞ്ഞതാകാത്തത്.
ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുത്തനെ ഉയരുകയും ക്രൂഡ് ഓയിൽ വില ബാരലിന് 120 മുതൽ 130 ഡോളർ വരെ എത്തുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ E20യുടെ യഥാർഥ സാമ്പത്തിക നേട്ടം ഉപഭോക്താക്കൾക്ക് ബോധ്യമാകും. ഇത് ആഗോള എണ്ണവിലയിലെ ചാഞ്ചാട്ടങ്ങളിൽ നിന്ന് ഇന്ത്യയെ ഒരു പരിധിവരെ സംരക്ഷിക്കും.
എഞ്ചിൻ ലൈഫും പിക്കപ്പും വർദ്ധിക്കും; മലിനീകരണം കുറയും
മൈലേജിൽ ചെറിയ കുറവുണ്ടാകുമെങ്കിലും E20 പെട്രോളിന് ഉയർന്ന ഒക്ടേൻ റേറ്റിംഗ് (High Octane Rating) ഉള്ളതിനാൽ എഞ്ചിൻ നോക്കിങ് (Engine knocking) കുറയുമെന്ന് സർക്കാർ വ്യക്തമാക്കുന്നു. എഞ്ചിൻ കൂടുതൽ വൃത്തിയായി പ്രവർത്തിക്കുന്നതിലൂടെ വാഹനത്തിന്റെ പിക്കപ്പും ഡ്രൈവിംഗ് അനുഭവവും മെച്ചപ്പെടും. ഇതിനകം തന്നെ കാർബൺ പുറന്തള്ളൽ ഏകദേശം 40 ശതമാനം വരെ കുറയ്ക്കാൻ ഇതിലൂടെ സാധിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
തിടുക്കത്തിൽ എടുത്ത തീരുമാനമല്ല
E20 ഇന്ധന പദ്ധതി തിടുക്കത്തിൽ നടപ്പാക്കിയ ഒന്നല്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചു. 2001-ൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി പിന്നീട് ഘട്ടംഘട്ടമായി വികസിപ്പിച്ചാണ് ഇന്നത്തെ നിലയിലേക്ക് എത്തിച്ചത്. വാഹന നിർമാതാക്കൾ, എണ്ണക്കമ്പനികൾ, പരിശോധനാ ഏജൻസികൾ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധരുമായി വർഷങ്ങളോളം വിശദമായ കൂടിയാലോചനകൾ നടത്തിയ ശേഷമാണ് E20 ഇന്ധനം രാജ്യത്ത് വ്യാപകമായി അവതരിപ്പിച്ചതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
