മുംബൈ: അമ്മയുടെ ലിവിങ് ടുഗദർ പങ്കാളിയുടെ ക്രൂരമായ മർദനത്തിന് ഇരയായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ മരിച്ചു. മുംബൈയിലെ കെ.ഇ.എം (KEM) ആശുപത്രിയിൽ ഐ.സി.യുവിൽ ചികിത്സയിൽ കഴിയവേയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ അമ്മയുടെ പങ്കാളിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
തന്റെ ബന്ധത്തിന് കുട്ടി തടസ്സമാകുമെന്ന് കരുതുകയും കുട്ടി അമ്മയ്ക്കൊപ്പം ഉറങ്ങുന്നതിൽ അമർഷം തോന്നുകയുമാണ് പ്രതി കുറ്റകൃത്യത്തിന് മുതിർന്നതെന്ന് പോലീസ് വ്യക്തമാക്കി.
ജൂലൈ 17-നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അമ്മ ജോലിക്കു പോയ സമയത്ത് വീട്ടിലുണ്ടായിരുന്ന പ്രതി, കുട്ടിയെ ചപ്പാത്തിക്കോൽ കൊണ്ട് അതിക്രൂരമായി മർദിക്കുകയും ആവർത്തിച്ച് ചവിട്ടുകയും ചെയ്യുകയായിരുന്നു. കുട്ടിക്ക് ഗുരുതരമായി ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റു.
കുട്ടിയുടെ ശാരീരികനില വഷളായതിനെ തുടർന്ന് ആദ്യം ഉല്ലാസനഗറിലെ സെൻട്രൽ ആശുപത്രിയിലും പിന്നീട് സിയോൺ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് ആരോഗ്യനില കൂടുതൽ മോശമായതോടെയാണ് മുംബൈ കെ.ഇ.എം ആശുപത്രിയിലേക്ക് മാറ്റിയത്.
കുട്ടിയെ അജ്ഞാതരായ ചിലരാണ് മർദിച്ചതെന്ന് വാദിച്ച് അന്വേഷണം വഴിതിരിച്ചുവിടാൻ പ്രതി ആദ്യം ശ്രമിച്ചിരുന്നു. എന്നാൽ ഇയാളുടെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
വിവാഹമോചിതയായ യുവതി ഇളയ കുട്ടിയുമായി പ്രതിയുടെ വീട്ടിലായിരുന്നു താമസം. യുവതിയുടെ മൂത്ത രണ്ടു മക്കൾ ആദ്യ ഭർത്താവിനൊപ്പമാണ് കഴിയുന്നത്. കുട്ടിയുടെ മരണത്തോടെ പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.
