തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വിഭാഗം പ്രവചിക്കുന്നത്.
വരും ദിവസങ്ങളിലെ അലർട്ടുകൾ താഴെ പറയുന്ന പ്രകാരമാണ്:
-
മേയ് 31 (നാളെ): കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ.
-
ജൂൺ 01: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്.
-
ജൂൺ 02: എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോഡ്.
-
ജൂൺ 03: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ.
ഈ ജില്ലകളിൽ കൺട്രോൾ റൂമുകൾ സജ്ജമാക്കാനും മലയോര തീരദേശ മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്താനും നിർദ്ദേശമുണ്ട്.
52 ദിവസത്തെ ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ
മഴ ശക്തമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. ജൂലൈ 31 അർദ്ധരാത്രി വരെ നീളുന്ന 52 ദിവസത്തെ നിരോധനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരള തീരത്തെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും ശാസ്ത്രീയമായ മത്സ്യബന്ധനം ഉറപ്പുവരുത്തുന്നതിനുമായാണ് എല്ലാ വർഷവും മൺസൂൺ കാലത്ത് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്. നിരോധനം കടുക്കുന്നതോടെ യന്ത്രവൽകൃത ബോട്ടുകൾക്ക് കടലിൽ പോകുന്നതിന് വിലക്കുണ്ടാകും. തീരദേശത്ത് സുരക്ഷ ഉറപ്പാക്കാൻ ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാർഡും സംയുക്തമായി നിരീക്ഷണം ശക്തമാക്കും.
