തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസത്തെ പെൻഷൻ വിതരണം ജൂൺ 24 മുതൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
പുതിയ സർക്കാരിന്റെ ക്ഷേമ പദ്ധതികളോടുള്ള സമീപനത്തെക്കുറിച്ചായിരുന്നു ചോദ്യോത്തരവേളയിൽ പ്രധാനമായും ചോദ്യങ്ങൾ ഉയർന്നത്. ക്ഷേമപെൻഷൻ, പ്രിയദർശിനി പദ്ധതി, ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി തന്നെയാണ് നേരിട്ട് മറുപടി നൽകിയത്. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉറപ്പായും നടപ്പിലാക്കുമെന്നും അദ്ദേഹം സഭയിൽ പ്രഖ്യാപിച്ചു.
കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി പദ്ധതി വന്നതിന് പിന്നാലെ ഓർഡിനറി ബസുകൾ വ്യാപകമായി സിറ്റി ഫാസ്റ്റ് ആക്കി മാറ്റി എന്ന പ്രതിപക്ഷ ആരോപണത്തെ മുഖ്യമന്ത്രി ശക്തമായി തള്ളിപ്പറഞ്ഞു. നിലവിൽ നടക്കുന്നത് പൂർണ്ണമായും കള്ളപ്രചാരണമാണെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് പിന്നാലെ ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണും വിഷയത്തിൽ വിശദീകരണം നൽകി. ഒരു ഓർഡിനറി ബസ് പോലും സിറ്റി ഫാസ്റ്റ് ആക്കി മാറ്റിയിട്ടില്ലെന്നും, അങ്ങനെ എവിടെയെങ്കിലും മാറ്റിയതായി ചൂണ്ടിക്കാണിച്ചാൽ അത് ഉടനടി തിരുത്താൻ സർക്കാർ തയ്യാറാണെന്നും ഗതാഗത മന്ത്രി സഭയിൽ വ്യക്തമാക്കി.
ചോദ്യോത്തരവേളയുടെ തുടക്കത്തിൽ തന്നെ നവാഗത എം.എൽ.എയായ എ.ഡി തോമസിന് ചോദ്യം ഉന്നയിക്കാൻ അവസരം ലഭിച്ചിരുന്നു. ലൈഫ് ഭവന പദ്ധതിയുടെ ഭാവിയെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ചോദ്യത്തിന്, പദ്ധതിയെക്കുറിച്ച് നിലവിൽ യാതൊരുവിധ ആശങ്കകളും നിലനിൽക്കുന്നില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി മറുപടി നൽകി. പുതിയ സർക്കാരിന്റെ പ്രധാന ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള കൃത്യമായ നിലപാടുകളാണ് ചോദ്യോത്തരവേളയിലൂടെ പുറത്തുവന്നത്.
