ഓൺലൈൻ തട്ടിപ്പുകൾക്കും സ്പാമുകൾക്കുമെതിരെ ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്. അപരിചിതരായ ആളുകളിൽ നിന്നോ അജ്ഞാത നമ്പറുകളിൽ നിന്നോ എത്തുന്ന സന്ദേശങ്ങൾ തുറക്കുന്നതിന് മുൻപ് തന്നെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് (Warning) നൽകുന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് (iOS) പതിപ്പുകളിൽ ഈ ഫീച്ചർ ഉടൻ ലഭ്യമാകുമെന്നാണ് പ്രമുഖ വാട്സ്ആപ്പ് ട്രാക്കറായ ‘വാബീറ്റ ഇൻഫോ’ റിപ്പോർട്ട് ചെയ്യുന്നത്.
നിങ്ങൾക്ക് മുൻപ് ഒരിക്കലും സന്ദേശങ്ങൾ അയച്ചിട്ടില്ലാത്ത നമ്പറുകളിൽ നിന്ന് മെസ്സേജ് വരുമ്പോഴാണ് ഈ മുന്നറിയിപ്പ് ദൃശ്യമാകുക. സന്ദേശം അയച്ച ഫോൺ നമ്പർ ഏത് രാജ്യത്ത് രജിസ്റ്റർ ചെയ്തതാണ്, അത് നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഉള്ളതാണോ, നിങ്ങൾ രണ്ടുപേരും ഒരേ ഗ്രൂപ്പുകളിൽ അംഗങ്ങളാണോ തുടങ്ങിയ കാര്യങ്ങൾ കൃത്യമായി പരിശോധിച്ച ശേഷമായിരിക്കും വാട്സ്ആപ്പ് ഈ അലേർട്ട് നൽകുന്നത്.
മുന്നറിയിപ്പിൽ എന്തൊക്കെയുണ്ടാകും?
നിങ്ങളുടെ സ്വകാര്യ വിവരങ്ങളോ പാസ്വേഡുകളോ തട്ടിയെടുക്കാനോ പണം ആവശ്യപ്പെടാനോ തട്ടിപ്പുകാർ ശ്രമിച്ചേക്കാമെന്ന ജാഗ്രതാ നിർദേശമായിരിക്കും ഈ പോപ്പ്-അപ്പിൽ (Pop-up) ഉണ്ടാകുക. മറ്റൊരു രാജ്യത്തെ നമ്പറിൽ നിന്നാണ് സന്ദേശം എത്തുന്നതെങ്കിലും വാട്സ്ആപ്പ് ഈ മുന്നറിയിപ്പ് കാണിക്കും. മെസ്സേജ് ഓപ്പൺ ചെയ്യുന്നതിന് മുൻപ് തന്നെ ഈ വിവരങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ച്, സന്ദേശം വേണോ വേണ്ടയോ എന്ന് ഉപയോക്താവിന് തന്നെ തീരുമാനിക്കാം.
പരിമിതികൾ ഇവയാണ്:
ഈ ഫീച്ചർ സ്പാമുകളെയും തട്ടിപ്പുകളെയും ഒരു പരിധി വരെ തടയാൻ സഹായിക്കുമെങ്കിലും പൂർണ്ണമായ സുരക്ഷ ഉറപ്പുനൽകുന്നില്ല. ഏതെങ്കിലും കാരണവശാൽ ഒരു തട്ടിപ്പുകാരന്റെ (Scammer) നമ്പർ നിങ്ങളുടെ ഫോണിൽ മുൻപേ സേവ് ചെയ്തിട്ടുണ്ടെങ്കിൽ ഈ മുന്നറിയിപ്പ് ലഭിക്കില്ല. അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വ്യാജ സന്ദേശങ്ങളിൽ വീഴാതെ ഉപയോക്താക്കളെ ജാഗരൂകരാക്കാൻ ഈ പുതിയ മാറ്റം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
#watsapp#udates#newfeatures
