സെൻസർ ബോർഡുമായുള്ള നിയമതർക്കത്തെത്തുടർന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ വൈകുന്ന തമിഴ് സൂപ്പർതാരം വിജയ്യുടെ അവസാന ചിത്രമായ ‘ജനനായകൻ’ ഇതിനകം ഓൺലൈനിലൂടെ കണ്ടത് 1.2 കോടിയിലധികം ആളുകളെന്ന് ചെന്നൈ പൊലീസ്. ചിത്രത്തിന്റെ വ്യാജപതിപ്പ് ചോർന്നതുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രൊസിക്യൂഷൻ മദ്രാസ് ഹൈക്കോടതിയെ ഈ ഞെട്ടിക്കുന്ന വിവരം അറിയിച്ചത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.
എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ ചിത്രം വിജയ്യുടെ കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെയാണ് ഒരുങ്ങുന്നത്. ഈ വർഷം ജനുവരി 9-ന് റിലീസ് ചെയ്യാനിരുന്ന ചിത്രം സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. എന്നാൽ തിയേറ്ററുകളിൽ എത്തുന്നതിന് മുൻപ് തന്നെ സിനിമയുടെ പൂർണ്ണമായ എച്ച്ഡി പകർപ്പ് പൈറസി വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടത് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.
സിനിമ ചോർന്ന സംഭവത്തിൽ ഫ്രീലാൻസ് എഡിറ്ററായ യുവാവ് ഉൾപ്പെടെ മൂന്ന് പേരെ ചെന്നൈ പൊലീസിന്റെ സൈബർ ക്രൈം വിഭാഗം അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു ചിത്രത്തിന്റെ എഡിറ്റിങ് ജോലികളുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഒരു പ്രമുഖ സ്റ്റുഡിയോയിൽ എത്തിയപ്പോഴാണ് പ്രതി ‘ജനനായകൻ’ സിനിമയുടെ റീലുകൾ അനധികൃതമായി ഹാർഡ് ഡിസ്കിലേക്ക് പകർത്തിയത്.
തുടർന്ന് ഇയാളും സഹോദരങ്ങളും ചേർന്ന് ഈ ദൃശ്യങ്ങൾ ഒന്നിപ്പിച്ചു ഗൂഗിൾ ഡ്രൈവ് വഴി തമിഴ് റോക്കേഴ്സ് പോലുള്ള പൈറസി സൈറ്റുകളിലേക്ക് എത്തിക്കുകയായിരുന്നു. ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിച്ച ആറുപേരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. മുൻപ് കോയമ്പത്തൂരിൽ ലോക്കൽ കേബിൾ ടിവി വഴി ഈ ചിത്രം പ്രദർശിപ്പിച്ച ഓപ്പറേറ്റർ എസ്. പളനിസാമിയെയും കമ്പ്യൂട്ടറുകളും ഹാർഡ് ഡിസ്കും സഹിതം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സെൻസർ ബോർഡുമായി നിലനിന്നിരുന്ന കടുത്ത നിയമപോരാട്ടങ്ങൾക്ക് ഒടുവിൽ ചിത്രത്തിന് ‘A’ സർട്ടിഫിക്കറ്റ് ലഭിച്ചതായാണ് നിർമ്മാതാക്കളോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. സെൻസർ സർട്ടിഫിക്കറ്റ് സംബന്ധിച്ച തടസ്സങ്ങൾ നീങ്ങിയതോടെ ഈ മാസം തന്നെ ‘ജനനായകൻ’ തിയേറ്ററുകളിൽ എത്തിക്കാനുള്ള അണിയറ നീക്കങ്ങൾ സജീവമാണ്. കെവിഎൻ പ്രൊഡക്ഷൻസ് (KVN Productions) നിർമ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം പകരുന്നത്.
