പഞ്ചാരിമേളത്തിൽ അരങ്ങേറ്റം കുറിച്ച് പ്രശസ്ത നടിയും നർത്തകിയുമായ റിമ കല്ലിങ്കൽ. തൃശൂർ സംഗീത നാടക അക്കാദമിയിൽ വെച്ച് ഞായറാഴ്ചയായിരുന്നു റിമയുടെയും സംഘത്തിന്റെയും അരങ്ങേറ്റം നടന്നത്. സിനിമയിലും നൃത്തവേദികളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച റിമ, പരമ്പരാഗത വാദ്യകലയായ ചെണ്ടമേളത്തിലും ചുവടുറപ്പിക്കുകയാണ്. തന്റെ സ്വന്തം നൃത്തവിദ്യാലയമായ ‘മാമാങ്കം’ ഡാൻസ് അക്കാദമിയിലെ അംഗങ്ങൾക്കൊപ്പമാണ് റിമ കല്ലിങ്കൽ ചെണ്ടയിൽ ഈ പുതിയ പരീക്ഷണം നടത്തിയത്. റിമയ്ക്ക് പുറമെ പൂജിത മേനോൻ കെ, അഞ്ജു ശ്യാമപ്രസാദ്, അലോഷി അമൽ, ഗോപിക മഞ്ജുഷ, മധു മോഹൻ, അനുരാജ് രാജേന്ദ്രൻ, സന്തോഷ് മാധവ്, അനുശ്രീ പി.എസ്, അമൃതശ്രീ ഓമനക്കുട്ടൻ എന്നിവരടങ്ങുന്ന പത്തംഗ സംഘമാണ് ഒരേ താളത്തിൽ അണിനിരന്ന് പഞ്ചാരിമേളം അക്കാദമി വേദിയിൽ അവതരിപ്പിച്ചത്. മാമാങ്കം അക്കാദമിയുടെ ഏറ്റവും പുതിയ നൃത്ത നിർമ്മിതിയായ ‘വട്ടം’ എന്ന പ്രൊഡക്ഷന്റെ ഭാഗമായാണ് ഇവർ ചെണ്ടമേളത്തിൽ പ്രത്യേക പരിശീലനം നേടിയത്. തൃശൂർ സ്വദേശിയായ പ്രശസ്ത വാദ്യകലാകാരൻ വിവേക് കണിമംഗലത്തിന്റെ കീഴിലായിരുന്നു ഇവരുടെ ചെണ്ട പരിശീലനം.കേരളത്തിന്റെ പരമ്പരാഗത മേളങ്ങളിൽ ഏറ്റവും പ്രശസ്തവും ശാസ്ത്രീയവുമായ ഒന്നാണ് പഞ്ചാരിമേളം. ചെണ്ട, ഇലത്താളം, കൊമ്പ്, കുഴൽ എന്നീ നാല് പ്രധാന വാദ്യോപകരണങ്ങൾ ഒത്തുചേരുമ്പോഴാണ് പഞ്ചാരിമേളത്തിന്റെ നാദവിസ്മയം പൂർണ്ണമാകുന്നത്. നൃത്തച്ചുവടുകൾക്കപ്പുറം വാദ്യകലയുടെ സങ്കീർണ്ണമായ താളവിന്യാസങ്ങൾ ഹൃദിസ്ഥമാക്കി റിമയും സംഘവും അരങ്ങേറ്റം ഗംഭീരമാക്കി. റിമയുടെയും മാമാങ്കത്തിന്റെയും ‘വട്ടം’ എന്ന നൃത്താവിഷ്കാരം വരും ദിവസങ്ങളിൽ റഷ്യയിലെ മോസ്കോയിലാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. കേരളത്തിന്റെ ഈ തനത് മേളപ്പെരുക്കം അന്താരാഷ്ട്ര വേദിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് റിമയും മാമാങ്കം ടീമും.
