വർഷങ്ങളുടെ നീണ്ട ഇടവേളയ്ക്ക് വിരാമമിട്ടുകൊണ്ട് മലയാളത്തിന്റെ പ്രിയനടി ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തുകയാണ്. പ്രശസ്ത ജ്വല്ലറി ബ്രാൻഡായ കല്യാൺ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ പരസ്യചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം തന്റെ രണ്ടാം വരവ് അറിയിക്കുന്നത്.
ഏറെ കൗതുകമുണർത്തുന്ന കാര്യം, ഈ പരസ്യചിത്രം സംവിധാനം ചെയ്യുന്നത് മറ്റാരുമല്ല, പ്രശസ്ത സംവിധായകൻ പ്രിയദർശൻ തന്നെയാണ് എന്നതാണ്. പരസ്യചിത്രത്തിൽ ലിസിക്കൊപ്പം മകൾ കല്യാണി പ്രിയദർശനും തെന്നിന്ത്യൻ താരം പ്രഭു ഗണേശനും പ്രധാന വേഷങ്ങളിൽ സ്ക്രീനിലെത്തുന്നുണ്ട്. ഈ പരസ്യചിത്രീകരണത്തിനിടയിൽ സെറ്റിൽ വെച്ച് പകർത്തിയ ഹൃദ്യമായൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.
‘ചിത്രം’ എന്ന സൂപ്പർഹിറ്റിന് ശേഷം പ്രിയദർശനൊപ്പം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത് ജീവിതം വീണ്ടും ഒരു പൂർണ വട്ടം ചുറ്റിയ അനുഭവമാണെന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ലിസി കുറിച്ചത്.
ഷൂട്ടിംഗ് സെറ്റിലെ ഒരു രസകരമായ ഓർമ്മയും താരം പങ്കുവെച്ചു. ഇത്രയും വർഷങ്ങൾക്ക് ശേഷം പ്രിയദർശന്റെ സെറ്റിൽ അഭിനയിക്കുമ്പോൾ ടെൻഷൻ തോന്നിയില്ലേ എന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അഭിലാഷ് ചോദിച്ചപ്പോൾ, “പ്രിയേട്ടന് എന്നെ നന്നായി അറിയാം. എന്റെ നല്ല ആംഗിളും മോശം ആംഗിളും വരെ അദ്ദേഹത്തിന് അറിയാം” എന്നാണ് ലിസി മറുപടി പറഞ്ഞത്. അത് കേട്ട പ്രിയദർശൻ തമാശയായി, “അവളുടെ നല്ലതും മോശവുമായ സ്വഭാവങ്ങളും എനിക്ക് നന്നായി അറിയാം” എന്ന് പറഞ്ഞതായും താരം കുറിപ്പിൽ പറയുന്നു. ആ നിമിഷം മുഴുവൻ സെറ്റും പൊട്ടിച്ചിരിയിലായെന്നും, തനിക്ക് അത് മറക്കാനാവാത്ത അനുഭവമായിരുന്നെന്നും ലിസി പറയുന്നു.ഷൂട്ടിംഗ് മുഴുവൻ ഒരു കുടുംബസംഗമം പോലെയായിരുന്നുവെന്നും, സന്തോഷം കൊണ്ട് കണ്ണീർ അടക്കാൻ പോലും തനിക്ക് ബുദ്ധിമുട്ടായിരുന്നുവെന്നും ലിസി തുറന്നുപറഞ്ഞു. പ്രിയദർശനും കല്യാണിക്കുമൊപ്പം പ്രവർത്തിക്കാൻ അവസരം നൽകിയതിന് താരം കല്യാൺ ജൂവലേഴ്സിന് പ്രത്യേക നന്ദിയും രേഖപ്പെടുത്തി.
“എന്റെ ഹൃദയം ഇപ്പോൾ നിരവധി വികാരങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. ആരാധകരുടെ സ്നേഹവും പ്രാർത്ഥനയും എനിക്ക് വേണം” എന്ന വാക്കുകളോടെയാണ് താരം കുറിപ്പ് അവസാനിപ്പിച്ചത്. ലിസിയുടെ ഈ വികാരനിറഞ്ഞ പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
സിനിമാ ചരിത്രത്തിൽ ഒരുകാലത്ത് ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു പ്രിയദർശനും ലിസിയും. 1988-ൽ പുറത്തിറങ്ങി മലയാള സിനിമാ ചരിത്രം തിരുത്തിക്കുറിച്ച ‘ചിത്രം’ എന്ന എക്കാലത്തെയും വലിയ വിജയചിത്രത്തിന് ശേഷം ഇതാദ്യമായാണ് പ്രിയദർശന്റെ സംവിധാനത്തിൽ ലിസി വീണ്ടും അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ഈ പരസ്യചിത്രത്തിനുണ്ട്. 38 വർഷങ്ങൾക്ക് ശേഷമാണ് ഈ അപൂർവ്വ നിമിഷത്തിന് ക്യാമറ സാക്ഷ്യം വഹിക്കുന്നത്.
പ്രിയദർശൻ സംവിധാനം ചെയ്ത ‘ഓടരുതമ്മാവാ ആളറിയാം’ എന്ന കോമഡി ചിത്രത്തിലൂടെയായിരുന്നു ലിസി ആദ്യമായി നായികയായി അരങ്ങേറ്റം കുറിക്കുന്നത്. അതിനുശേഷം ഇരുവരും ഒന്നിച്ച് നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ പ്രവർത്തിക്കുകയുണ്ടായി. ആ സിനിമാ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു. 1990 ഡിസംബർ 13-നായിരുന്നു ലിസിയും പ്രിയദർശനും വിവാഹിതരായത്. വിവാഹശേഷം കുടുംബജീവിതത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച ലിസി അഭിനയരംഗത്തുനിന്ന് പൂർണ്ണമായി മാറിനിന്നു.
ദീർഘകാലത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2016-ൽ വേർപിരിഞ്ഞ പ്രിയദർശനും ലിസിയും അടുത്തിടെ വീണ്ടും ഒരുമിക്കുകയായിരുന്നു. ഈ വർഷം ജനുവരിയിൽ പ്രശസ്ത സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹ റിസപ്ഷന് ഇരുവരും ഒന്നിച്ച് കൈകോർത്ത് എത്തിയത് മുതൽ പ്രിയദർശനും ലിസിയും പഴയ പിണക്കങ്ങൾ മറന്ന് വീണ്ടും ഒന്നിക്കുകയാണെന്ന വാർത്തകൾ മാധ്യമങ്ങളിൽ സജീവമായിരുന്നു. തുടർന്ന് കഴിഞ്ഞ മാർച്ചിൽ ലിസിയുടെ ചെന്നൈയിലുള്ള സ്റ്റുഡിയോയിൽ വെച്ച് മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം പ്രിയദർശനും ലിസിയും നിൽക്കുന്ന ചിത്രം ലിസി തന്നെ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോൾ വീണ്ടും ഒരുമിച്ച് ഒരേ മേൽക്കൂരയ്ക്ക് കീഴിലാണ് തങ്ങൾ താമസിക്കുന്നതെന്നും എന്നാൽ നിയമപരമായ മറ്റൊരു വിവാഹത്തിന് തൽക്കാലം പദ്ധതിയൊന്നുമില്ലെന്നും പ്രിയദർശൻ തന്നെ ഈയടുത്ത് വ്യക്തമാക്കുകയുണ്ടായി.
