കൊച്ചി: അശ്ലീല ദൃശ്യങ്ങൾ പങ്കുവെച്ച സംഭവത്തിൽ വിവാദ യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദിന്റെ യൂട്യൂബ് ചാനൽ പൂട്ടി. പൊലീസ് നൽകിയ ഔദ്യോഗിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ തൊപ്പിക്കെതിരെ പൊലീസ് നേരത്തെ തന്നെ കേസെടുത്തിരുന്നു.
എറണാകുളം റൂറൽ സൈബർ പൊലീസാണ് ഐടി നിയമപ്രകാരം ഈ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തന്റെ സുഹൃത്തുക്കളുടെ നഗ്ന വീഡിയോകളാണ് തൊപ്പി ചാനലിലൂടെ പോസ്റ്റ് ചെയ്തതെന്ന് പൊലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൊപ്പിക്കെതിരെ അന്വേഷണം ആരംഭിച്ചതും തുടർന്ന് ഇയാളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ച ശേഷം കർശന നടപടികളിലേക്ക് പൊലീസ് കടന്നതും.
കേസിൽ തൊപ്പിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എറണാകുളം റൂറൽ പൊലീസ് ശക്തമായി എതിർത്തു. തൊപ്പി ചെയ്തത് അതീവ ഗൗരവ സ്വഭാവമുള്ള കുറ്റമാണെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
