മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ മലപ്പുറത്ത് ഫുട്ബോൾ പരിശീലകൻ വീണ്ടും അറസ്റ്റിൽ. മാറഞ്ചേരി പുത്തൻപുരയിൽ നിബ്രാസിനെയാണ് (26) പെരുമ്പടപ്പ് പൊലീസ് പോക്സോ കേസിൽ വീണ്ടും അറസ്റ്റ് ചെയ്തത്. നേരത്തെ സമാന കേസിൽ ജയിലിലായിരുന്ന പ്രതിക്കെതിരെ മറ്റൊരു വിദ്യാർത്ഥിനി കൂടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്.
ഫുട്ബോൾ പരിശീലന കേന്ദ്രം നടത്തിവന്നിരുന്ന നിബ്രാസ് പ്രധാനമായും പെൺകുട്ടികൾക്കായിരുന്നു പരിശീലനം നൽകിയിരുന്നത്. ഇയാളുടെ പീഡനത്തെക്കുറിച്ച് ഒന്നിലധികം വിദ്യാർത്ഥിനികൾ സ്കൂൾ അധികൃതരോട് പരാതിപ്പെട്ടതോടെയാണ് ക്രൂരത പുറംലോകമറിയുന്നത്. സ്കൂൾ അധികൃതർ വിവരം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് നേരത്തെ ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് ജയിലിൽ കഴിഞ്ഞിരുന്ന പ്രതിക്കെതിരെ മറ്റൊരു വിദ്യാർത്ഥിനി കൂടി പരാതിയുമായി രംഗത്തെത്തുകയായിരുന്നു. പുതിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മഞ്ചേരി കോടതിയിൽ നിന്ന് നിബ്രാസിനെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയും വീണ്ടും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
പ്രതിക്കെതിരെ മൊഴി നൽകുന്നതിൽ നിന്നും പരാതിക്കാരിയായ പെൺകുട്ടിയെ പിന്തിരിപ്പിക്കാൻ ചില ബന്ധുക്കൾ ശ്രമിച്ചതായും ആരോപണമുണ്ട്. സംഭവത്തിൽ വിട്ടുവീഴ്ചയില്ലാത്ത വിശദമായ അന്വേഷണം ആരംഭിച്ചതായി പെരുമ്പടപ്പ് പൊലീസ് അറിയിച്ചു.
