“ഒരിടത്തൊരിടത്ത് ഒരു രാജാവുണ്ടായിരുന്നു…” വെറ്റിലക്കറ പുരണ്ട മുത്തശ്ശിയുടെ വിരലുകളിൽ തൂങ്ങി, നിലാവിന്റെ വെളിച്ചത്തിൽ നമ്മൾ കേട്ടുതുടങ്ങിയ കഥകളിലേക്കുള്ള തുടക്കമാണിത്! ഭാവനയുടെ ആകാശത്തേക്ക് ചിറകടിച്ചുയരാൻ അക്കാലത്ത് ആ ഒരൊറ്റ വാക്കുമാത്രം മതിയായിരുന്നു. എന്നാൽ, വിരൽത്തുമ്പിലെ ചതുരക്കാഴ്ചകളിൽ കുരുങ്ങി, റീലുകളുടെയും വീഡിയോ ഗെയിമുകളുടെയും വേഗതയിൽ ഇന്നത്തെ തലമുറയ്ക്ക് ആ മാന്ത്രികലോകം അന്യമാവുകയാണ്. യന്ത്രവത്കൃതമായ ഈ പുതുയുഗത്തിൽ, ഒരുപിടി കഥാപ്പൂട്ടുകളഴിച്ച് കുരുന്നുകളെ വീണ്ടും ഭാവനയുടെ വസന്തത്തിലേക്ക് കൈപിടിച്ചു നടത്തുകയാണ് കല്യാണി ഗോപകുമാർ. ‘ഒരിടത്തൊരിടത്ത് ബൈ കല്യാണി’ (Oridathoridath_by_kalyani) എന്ന തനത് സംരംഭത്തിലൂടെ നൂറിലധികം കുഞ്ഞുങ്ങളുടെ മനസ്സിൽ നന്മയുടെയും സർഗ്ഗാത്മകതയുടെയും വിത്തുകൾ പാകിയ ഈ കഥാകാരിയുടെ യാത്ര തികച്ചും പ്രചോദനാത്മകമാണ്.

കൊച്ചിയിൽ ‘ദി പോർട്രെയ്റ്റ്’ എന്ന പേരിൽ ഇന്റീരിയർ ഡിസൈൻ സ്ഥാപനം നടത്തുന്ന കല്യാണി, തന്റെ ബിസിനസ്സ് തിരക്കുകൾക്കിടയിലാണ് അടുത്ത തലമുറയ്ക്കായി കഥകളുടെ ഈ പൂക്കാലം ഒരുക്കുന്നത്. അമ്മൂമ്മ പകർന്നുനൽകിയ നാടോടിക്കഥകളും ഐതിഹ്യങ്ങളുമാണ് അവരുടെ ഉള്ളിലെ കഥാകാരിയെ ഉണർത്തിയത് എന്നതാണ് ഏറെ കൗതുകകരം. 2019-ൽ മകൻ അരവിന്ദനെ ഗർഭിണിയായിരുന്ന കാലത്താണ് കുട്ടികൾക്കായി കഥകൾ പറയണമെന്ന ചിന്ത കല്യാണിയിൽ ശക്തമാകുന്നത്. തുടർന്ന് ഇൻസ്റ്റാഗ്രാമിലൂടെയും സ്പോട്ടിഫൈ പോഡ്കാസ്റ്റിലൂടെയും ശബ്ദരേഖകളായും ദൃശ്യങ്ങളായും അവർ കഥകൾ പങ്കുവെക്കാൻ തുടങ്ങി. കോവിഡ് കാലത്തെ അടച്ചിടലിൽ മടുത്തിരുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും കല്യാണിയുടെ കഥകൾ വലിയൊരു ആശ്വാസമായി മാറി.
ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് മുന്നിൽ മലയാളത്തിൽ കഥകൾ പറയുമ്പോൾ കല്യാണി നേരിടുന്ന വെല്ലുവിളികൾ ചെറുതല്ല. ഇപ്പോഴത്തെ പല കുട്ടികൾക്കും ‘കുന്ന്’, ‘മല’, ‘കുന്നിന്റെ ചെരിവ്’, ‘പുഴ’, ‘ആറ്’, ‘കുരുത്തോല’ തുടങ്ങിയ ശുദ്ധമലയാളം വാക്കുകൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. ‘കുന്നിന്റെ ചെരിവിലെ കിളിവാതിലിലൂടെ ഭൂതം നോക്കി’ എന്ന് പറയുമ്പോൾ കുട്ടികൾക്ക് അത് ഭാവനയിൽ കാണാൻ ആദ്യമൊക്കെ പ്രയാസമായിരുന്നു. ഇതിനു പുറമേ, ഡിജിറ്റൽ ഗാഡ്ജെറ്റുകളുടെ അമിത ഉപയോഗം കാരണം ഇന്നത്തെ കുട്ടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കവിവ് കുറവാണ്; അവർ പെട്ടെന്ന് ഡിസ്ട്രാക്ടഡ് ആകുന്നുവെന്നും കല്യാണി പറയുന്നു. അതുകൊണ്ടുതന്നെ കഥ പറച്ചിലിനിടയിൽ കുട്ടിപ്പാട്ടുകൾ ഉൾപ്പെടുത്തിയും, നാടകീയമായ ശബ്ദവ്യതിയാനങ്ങൾ വരുത്തിയും, കുഞ്ഞു സൂത്രങ്ങളിലൂടെയും കുട്ടികളുടെ താല്പര്യം ഒടുക്കം വരെ നിലനിർത്താൻ കല്യാണി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

ഡിജിറ്റൽ യുഗത്തിൽ കുട്ടികളുടെ മാനസിക വികാസത്തിനും സ്ക്രീൻ ടൈം കുറയ്ക്കുന്നതിനും കഥ പറച്ചിൽ എത്രത്തോളം പ്രധാനമാണെന്ന് കല്യാണി തന്റെ അനുഭവങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്. പ്രത്യേകിച്ച്, അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം ദൃഢമാക്കാൻ കഥ പറച്ചിലിനേക്കാൾ വലിയൊരു മാധ്യമമില്ലെന്ന് ഇവർ ഓർമ്മിപ്പിക്കുന്നു. ഒരു അമ്മ തന്റെ കുഞ്ഞിനെ അരികിലിരുത്തി, അവരുടെ കണ്ണുകളിലേക്ക് നോക്കി കഥ പറയുമ്പോൾ അവിടെ ഉടലെടുക്കുന്നത് വാക്കുകൾക്കപ്പുറമുള്ള സ്നേഹത്തിന്റെ കൈമാറ്റമാണ്. ഇത് കുട്ടികളിൽ മാനസികമായ സുരക്ഷിതത്വവും ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നു. ഒരു കാര്യം ‘ചെയ്യരുത്’ എന്ന് വെറുതെ ശാസിക്കുന്നതിനേക്കാൾ, അത് അമ്മ ഒരു കഥയിലൂടെ പറഞ്ഞു കൊടുക്കുമ്പോൾ കുട്ടികളുടെ മനസ്സിൽ അത് ആഴത്തിൽ പതിയും. കഥ കേൾക്കുന്നതിനിടയിൽ കുഞ്ഞ് ചോദിക്കുന്ന കുട്ടി ചോദ്യങ്ങളും അതിന് അമ്മ നൽകുന്ന മറുപടികളും അവർക്കിടയിലെ സൗഹൃദം കൂടുതൽ ശക്തമാക്കും. കളിപ്പാട്ടങ്ങൾക്കോ ഡിജിറ്റൽ സ്ക്രീനുകൾക്കോ നൽകാവുന്നതിനേക്കാൾ വലിയ മാനസിക സംതൃപ്തിയാണ് അമ്മയുടെ ശബ്ദത്തിലൂടെയും സാമീപ്യത്തിലൂടെയും കുഞ്ഞുങ്ങൾക്ക് ഇവിടെ ലഭിക്കുന്നത്.
കഥകളുടെ അവസാനം ഒരു ഗുണപാഠം നേരിട്ട് പറഞ്ഞു കൊടുക്കുന്ന ശൈലി കല്യാണിക്കില്ല. പകരം, കഥയിലൂടെ കുട്ടികൾ തന്നെ അത് തിരിച്ചറിയട്ടെ എന്നാണ് അവർ ആഗ്രഹിക്കുന്നത്. പിന്നീട് ആ തെറ്റ് ചെയ്യാൻ പോകുമ്പോൾ കഥയിലെ രംഗങ്ങൾ അവരുടെ ഓർമ്മയിൽ വരും. മൃഗങ്ങളുടെയും പക്ഷികളുടെയും കഥകളിലൂടെ കുട്ടികളിൽ മറ്റുള്ളവരോട് സഹതാപവും സ്നേഹവും വളർത്താൻ കഥകൾക്ക് സാധിക്കും. മാത്രമല്ല, കഥ കേട്ടു വളരുന്ന കുട്ടികൾ പതുക്കെപ്പതുക്കെ കഥാപുസ്തകങ്ങളിലേക്ക് ആകർഷിക്കപ്പെടുകയും അത് അവരുടെ വായനാശീലത്തെ വളർത്താൻ സഹായിക്കുകയും ചെയ്യും.

കഥ പറയുന്നതിനൊപ്പം കുഞ്ഞുണ്ണി മാഷിന്റെ കവിതകളും അവർ ചൊല്ലിക്കൊടുക്കാറുണ്ട്. ചക്കപ്പൂടം കൊണ്ടുള്ള പ്ലാവില കിരീടവും കുരുത്തോല പക്ഷികളും ഒക്കെ കുട്ടികൾക്ക് പരിചയപ്പെടുത്തി നമ്മുടെ പാരമ്പര്യത്തെയും കല്യാണി ഓർമ്മിപ്പിക്കുന്നു. കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കായും കല്യാണി കഥകൾ അവതരിപ്പിക്കാറുണ്ട്. ഭാവിയിൽ കൂടുതൽ പ്രൊജക്ടുകളുമായി മുന്നോട്ട് പോകാനാണ് കല്യാണിയുടെ തീരുമാനം. കഥകളുമായി ബന്ധപ്പെട്ട കൊളാബറേഷനുകൾ മാത്രമാണ് ഇപ്പോൾ അവർ തിരഞ്ഞെടുക്കുന്നത്. കൂടുതൽ ആളുകളിലേക്ക് കഥകൾ എത്തിക്കുന്നതിനായി സ്പോട്ടിഫൈ പോഡ്കാസ്റ്റുകൾ സജീവമാക്കാനും, യൂട്യൂബ് ചാനൽ വഴി മുതിർന്നവർക്കായി കഥ പറച്ചിൽ രീതികളെക്കുറിച്ചുള്ള ടിപ്പുകൾ പങ്കുവെക്കാനും കല്യാണി ആലോചിക്കുന്നുണ്ട്.
യന്ത്രവത്കൃതമായ ഈ ആധുനിക ലോകത്ത് കുട്ടികളുടെ മനസ്സിൽ ഭാവനയുടെയും നന്മയുടെയും വിത്തുകൾ പാകാൻ കഥകൾക്ക് മാത്രമേ സാധിക്കൂ. കഥകൾ വെറുമൊരു വിനോദമല്ല, മറിച്ച് കുട്ടികളുടെ സർഗ്ഗാത്മകതയും ഭാഷാശുദ്ധിയും മൂല്യങ്ങളും വളർത്തുന്ന മികച്ചൊരു മാധ്യമമാണ്. പഴമയുടെ നന്മയും പുതുതലമുറയുടെ ഭാവനയും ഒന്നുചേരുന്ന ഈ മാന്ത്രിക ലോകം തിരികെപ്പിടിക്കാൻ കല്യാണി ഗോപകുമാർ നടത്തുന്ന ഈ ശ്രമങ്ങൾ ഏറെ അഭിനന്ദനാർഹമാണ്. ‘ഒരിടത്തൊരിടത്ത്’ എന്ന ഈ സംരംഭം ഇനിയും ഒരുപാട് കുഞ്ഞു മനസ്സുകളിലേക്ക് വെളിച്ചമായി പടരട്ടെ എന്ന് നമുക്ക് ആശംസിക്കാം.
