കുട്ടികളുടെ ഓരോ ചെറിയ കാര്യങ്ങളിൽപ്പോലും അമിതമായി ഇടപെടുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ‘ഹെലികോപ്റ്റർ പാരന്റിങ്’ (Helicopter Parenting) എന്ന രക്ഷാകർതൃ രീതി കുട്ടികളുടെ വൈകാരിക വളർച്ചയെയും ആത്മവിശ്വാസത്തെയും പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോർട്ട്. കുട്ടികളോടുള്ള അമിത സ്നേഹവും കരുതലുമാണെന്ന് തോന്നാമെങ്കിലും, ഇത്തരക്കാരായ കുട്ടികൾക്ക് ഭാവിയിൽ പ്രതിസന്ധികളെ സ്വന്തമായി നേരിടാൻ സാധിക്കാതെ വരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
എന്താണ് ഹെലികോപ്റ്റർ പാരന്റിങ്?
ഒരു ഹെലികോപ്റ്റർ കണക്കെ കുട്ടികളുടെ കാര്യങ്ങളിൽ എപ്പോഴും വട്ടമിട്ട് പറക്കുന്ന ശീലമാണിത്. കുട്ടികൾക്ക് തനിയെ ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുക, അവരുടെ പഠനകാര്യങ്ങൾ അമിതമായി നിരീക്ഷിക്കുക, അവർക്കുള്ള തീരുമാനങ്ങൾ രക്ഷിതാക്കൾ തന്നെ എടുക്കുക എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. 2000ങ്ങളുടെ തുടക്കത്തിലാണ് ഈ പദം കൂടുതൽ ജനപ്രിയമായത്.
അമിത ഇടപെടലിന് പിന്നിലെ കാരണങ്ങൾ:
-
മത്സരാധിഷ്ഠിത അന്തരീക്ഷം: സ്കൂൾ അഡ്മിഷനുകളും മത്സരപരീക്ഷകളും കടുത്ത ഓട്ടമത്സരമായി മാറിയത് രക്ഷിതാക്കളിൽ ആശങ്ക സൃഷ്ടിക്കുന്നു.
-
തിരക്കേറിയ ദിനചര്യകൾ: ട്യൂഷൻ, സ്പോർട്സ്, കോഡിങ് ക്ലാസുകൾ എന്നിവയാൽ കുട്ടികളുടെ ദിനചര്യകൾ നിറയുന്നത് രക്ഷിതാക്കൾക്ക് അനാവശ്യ സമ്മർദ്ദമുണ്ടാക്കുന്നു.
-
സോഷ്യൽ മീഡിയയും ഭയവും: കുട്ടികൾക്ക് വേണ്ടി തങ്ങൾ വേണ്ടത്ര ചെയ്യുന്നില്ലേ എന്ന രക്ഷിതാക്കളുടെ അനാവശ്യ ഭയവും പാരന്റിങ്ങിനെ ഒരു മത്സരമായി കാണുന്ന രീതിയും അമിത നിയന്ത്രണത്തിലേക്ക് നയിക്കുന്നു.
കുട്ടികളിൽ ഉണ്ടാകുന്ന ആഘാതം:
എല്ലാ കാര്യങ്ങളും രക്ഷിതാക്കൾ ചെയ്ത് കൊടുക്കുമ്പോൾ കുട്ടികൾക്ക് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും കാര്യങ്ങൾ ചെയ്യാനുമുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നു. 2022ൽ പുറത്തുവന്ന പഠനം അനുസരിച്ച്, ഇത്തരം അമിത ഇടപെടലുകൾ അനുഭവിക്കുന്ന കുട്ടികളിൽ ഉത്കണ്ഠ, വിഷാദം, വൈകാരിക പ്രശ്നങ്ങൾ എന്നിവ കൂടുതലായി കണ്ടുവരുന്നുണ്ട്. ചെറിയ തോതിലുള്ള പരാജയങ്ങൾ പോലും സഹിക്കാൻ ഇവർക്ക് സാധിച്ചേക്കില്ല.
ഹെലികോപ്റ്റർ പാരന്റിങ്ങിന്റെ പ്രധാന ലക്ഷണങ്ങൾ:
-
പ്രശ്നപരിഹാരത്തിനുള്ള വ്യഗ്രത: കുട്ടി ഒരു കാര്യം മറന്നാൽ സ്വന്തമായി പോംവഴി കണ്ടെത്താൻ അവസരം നൽകാതെ രക്ഷിതാക്കൾ ഇടപെടുക.
-
എല്ലാം ഓർമിപ്പിക്കുന്ന ശീലം: പരീക്ഷകളും ഹോംവർക്കുകളും നിരന്തരം ഓർമിപ്പിച്ച് കുട്ടികളെ പൂർണ്ണമായും രക്ഷിതാക്കളെ ആശ്രയിക്കുന്നവരാക്കുക.
-
കുട്ടികൾക്ക് പകരം സംസാരിക്കുക: പൊതുയിടങ്ങളിൽ കുട്ടികൾക്ക് സംസാരിക്കാൻ അവസരം നൽകാതിരിക്കുക.
-
സൗഹൃദങ്ങളിലെ ഇടപെടൽ: കുട്ടികൾക്കിടയിലെ ചെറിയ വഴക്കുകളിൽപ്പോലും രക്ഷിതാക്കൾ നേരിട്ടിടപെടുക.
-
പരാജയഭയം & തിരക്കേറിയ ടൈംടേബിൾ: കളിക്കാൻ സമയം നൽകാതെ നിരന്തരം ക്ലാസുകളിൽ അയക്കുകയും അവരുടെ പരാജയങ്ങളെ അമിതമായി ഭയക്കുകയും ചെയ്യുക.
തിരുത്തേണ്ടത് എങ്ങനെ?
കുട്ടികളെ സഹായിക്കുന്ന രീതി മാറ്റുകയാണ് ഇതിന് പരിഹാരം. പ്രശ്നങ്ങളുമായി അടുത്തെത്തുന്ന കുട്ടികളോട് ‘ഞാൻ ശരിയാക്കാം’ എന്ന് പറയുന്നതിന് പകരം ‘നിനക്കെന്ത് ചെയ്യാൻ കഴിയും?’ എന്ന് ചോദിച്ച് പഠിപ്പിക്കുക. സ്കൂൾ ബാഗ് പാക്ക് ചെയ്യാനും ഭക്ഷണസാധനങ്ങൾ ഓർഡർ ചെയ്യാനും അവർക്ക് സ്വയം അവസരം നൽകുക. തെറ്റുകളുടെ അനന്തരഫലങ്ങൾ അവർ തന്നെ അനുഭവിച്ചറിയട്ടെ. മാർക്കിനേക്കാൾ അവർ നടത്തുന്ന പ്രയത്നങ്ങളെ പ്രശംസിക്കാൻ ശ്രദ്ധിക്കണം.
