കോഴിക്കോട്: സംസ്ഥാനത്ത് സിഎൻജി (CNG) വില വീണ്ടും വർധിപ്പിച്ചു. കിലോയ്ക്ക് ഒന്നര രൂപയാണ് ഇന്ന് കൂട്ടിയത്. പുതിയ വില വർധനവോടെ കേരളത്തിൽ ഒരു കിലോ സിഎൻജിയുടെ വില 101 രൂപയായി ഉയർന്നു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് മുൻപും സിഎൻജി വില അടിക്കടി വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വില കൂട്ടിയിരിക്കുന്നത്.
വിലവർധനവ് സിഎൻജി വാഹനങ്ങൾ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ വാഹന ഉടമകൾക്കും വാണിജ്യ വാഹന ഡ്രൈവർമാർക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്. പെട്രോൾ, ഡീസൽ വിലവർധനവിൽ നിന്ന് ആശ്വാസം തേടിയും കുറഞ്ഞ ചെലവ് പ്രതീക്ഷിച്ചുമാണ് ഭൂരിഭാഗം പേരും സിഎൻജി വാഹനങ്ങളിലേക്ക് മാറിയത്. എന്നാൽ സിഎൻജി വിലയും സെഞ്ച്വറി കടന്നതോടെ ഇവരുടെ കുടുംബ ബജറ്റുകൾ താളംതെറ്റുന്ന അവസ്ഥയിലാണ്.
ജൂലൈ 20-ന് പാർലമെന്റ് വർഷകാല സമ്മേളനം ആരംഭിക്കാനിരിക്കെ, അതിന് മുന്നോടിയായി ഇന്ധനവില കുറച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് യാതൊരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല.
പശ്ചിമേഷ്യൻ യുദ്ധസമയത്ത് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 120 ഡോളറിന് മുകളിൽ ഉയർന്നപ്പോൾ രാജ്യത്ത് ഇന്ധനവില വൻതോതിൽ കൂട്ടിയിരുന്നു. എന്നാൽ പിന്നീട് ആഗോള വിപണിയിൽ എണ്ണവില ബാരലിന് 70 ഡോളറിൽ താഴെയെത്തിയിട്ടും ആഭ്യന്തര വിപണിയിൽ ഇന്ധനവില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയ്യാറാകാത്തതിനെതിരെ ജനരോഷവും വിമർശനവും ശക്തമാവുകയാണ്.
