തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ഡിവൈഎഫ്ഐ നടത്തുന്ന സൗജന്യ ഭക്ഷണ വിതരണത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ. ജനങ്ങൾക്ക് ഭക്ഷണം നൽകുന്നത് നല്ല കാര്യമാണെന്നും അതിൽ തെറ്റില്ലെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി, ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ മറ്റുള്ളവരും പിന്തുടരണമെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ ഇത്തരം കാര്യങ്ങൾ അമിതമായി രാഷ്ട്രീയവൽക്കരിക്കരുതെന്നും ആശുപത്രി പരിസരങ്ങൾ കയ്യേറാതെയാകണം ഭക്ഷണ വിതരണം നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്ഷണം കൊടുക്കുന്നതല്ല പ്രശ്നമെന്നും, ആശുപത്രിക്കകത്തെ ചില സ്ഥലങ്ങൾ കയ്യേറിയ വിഷയം ആരോഗ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ആശുപത്രികൾക്കകത്ത് ഒരു തരത്തിലുള്ള രാഷ്ട്രീയ പ്രവർത്തനവും അനുവദിക്കില്ലെന്നും അത് എന്തുവിലകൊടുത്തും തടയുമെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ഇത് യു.ഡി.എഫ് സർക്കാരിന്റെ നയമാണെന്നും, ഡിവൈഎഫ്ഐ എന്നല്ല യൂത്ത് കോൺഗ്രസിന്റെയോ സേവാഭാരതിയുടെയോ രാഷ്ട്രീയ പ്രവർത്തനം ആശുപത്രി വളപ്പിൽ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. സന്നദ്ധ സംഘടനകളുമായി ചർച്ച ചെയ്ത് കമ്മ്യൂണിറ്റി കിച്ചൻ വഴി മാത്രം ആശുപത്രിക്കുള്ളിൽ ഭക്ഷണം നൽകുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം ആദ്യഘട്ടത്തിൽ കൂട്ടിച്ചേർത്തു.
മന്ത്രിയുടെ പരാമർശം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചതോടെ വിശദീകരണവുമായി കെ. മുരളീധരൻ തന്നെ വീണ്ടും രംഗത്തെത്തി. താൻ ആരുടെയും അന്നം മുടക്കിയതല്ലെന്നും ആലപ്പുഴ ജനറൽ ആശുപത്രിയിലെ സ്ഥലം കയ്യേറ്റത്തെക്കുറിച്ച് പരാതി ലഭിച്ചതുകൊണ്ടാണ് ഇടപെട്ടതെന്നുമാണ് മന്ത്രി നൽകിയ വിശദീകരണം. നിലവിൽ ആലപ്പുഴയിൽ മാത്രമാണ് ആശുപത്രി വികസന സമിതിയുടെ തീരുമാനപ്രകാരം കമ്മ്യൂണിറ്റി കിച്ചൻ നിർദ്ദേശം പരിഗണനയിലുള്ളതെന്നും മറ്റ് ആശുപത്രികളിൽ ഇത്തരം നീക്കങ്ങൾ ആലോചിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
