കഴിഞ്ഞ ദിവസം ‘വരവ്’ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടൻ ജോജു ജോർജ് നടത്തിയ ഇൻസ്റ്റാഗ്രാം ലൈവ് വലിയ സിനിമാ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. തനിക്കെതിരെ മലയാള സിനിമയിലെ ഒരു പ്രമുഖ നടനും ഭാര്യയും പണം നൽകി വ്യാജ ‘നെഗറ്റിവ് പിആർ’ (Negative PR) പ്രചരിപ്പിക്കുന്നു എന്നായിരുന്നു ജോജുവിന്റെ ഗുരുതര ആരോപണം. എന്നാൽ ജോജു ഉദ്ദേശിച്ച ആ നടനും ഭാര്യയും ആരാണെന്ന തരത്തിലുള്ള ഊഹാപോഹങ്ങളും ചർച്ചകളും സോഷ്യൽ മീഡിയയിൽ പുകയുന്നതിനിടെയാണ് വിഷയത്തിൽ പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നത്.
നടനും അവതാരകനുമായ മിഥുൻ രമേശിന്റെ ഭാര്യയും സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററുമായ ലക്ഷ്മി മേനോൻ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോൾ ചർച്ചകൾക്ക് ചൂടേകിയിരിക്കുന്നത്. “ഇത് ആ പെൺകോന്തന്റെയും അവളുടെയും സ്ഥിരം പരിപാടി അല്ലേ, നമ്മൾ അതിനും മുകളിൽ ആണ് ചേട്ടാ” എന്നായിരുന്നു ലക്ഷ്മിയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി.
ജോജു പരാമർശിച്ച ആ പ്രമുഖ നടനെക്കുറിച്ചുള്ള സൂചനകളാണ് ലക്ഷ്മി പങ്കുവെച്ചതെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. എന്നാൽ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ലക്ഷ്മി മേനോൻ ഈ സ്റ്റോറി അക്കൗണ്ടിൽ നിന്നും പിൻവലിക്കുകയും ചെയ്തു. ഇതിന്റെ സ്ക്രീൻഷോട്ടുകൾ റെഡിറ്റിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഷാജി കൈലാസ് സംവിധാനം ചെയ്ത തന്റെ പുതിയ ചിത്രം ‘വരവ്’ എന്ന സിനിമയ്ക്കെതിരെ മനപ്പൂർവ്വം നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ പ്രതികരിക്കവേയാണ് ജോജു ലൈവിലെത്തിയത്. പ്രമുഖ നടനും ഭാര്യയ്ക്കും പുറമെ മലയാളത്തിലെ മറ്റ് ചില മുൻനിര താരങ്ങളും തനിക്കെതിരെ പെയ്ഡ് പി.ആർ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും ജോജു ആരോപിച്ചിരുന്നു.
ജോജു ജോർജ് – ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ബിഗ് ബജറ്റ് ചിത്രമാണ് ‘വരവ്’. 98 ദിവസങ്ങൾ നീണ്ട ചിത്രീകരണത്തിന് ശേഷമാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവും പറയുന്ന ചിത്രത്തിനെതിരെ നടക്കുന്ന നെഗറ്റിവ് ക്യാംപെയ്നുകൾക്ക് പിന്നിലെ സത്യം ഉടൻ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.
