ജപ്പാൻ യാത്ര സ്വപ്നം കാണുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് സുവർണാവസരം. മറ്റ് വിദേശ രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ നിരക്ക് കുത്തനെ കൂട്ടിയപ്പോഴും, ഇന്ത്യൻ പൗരന്മാർക്ക് മാത്രം പഴയ കുറഞ്ഞ നിരക്ക് തന്നെ നിലനിർത്തിയിരിക്കുകയാണ് ജപ്പാൻ സർക്കാർ. 48 വർഷത്തിനിടെ രാജ്യം വരുത്തുന്ന ഏറ്റവും വലിയ ആഗോള വിസ പരിഷ്കരണത്തിലാണ് ഇന്ത്യയ്ക്ക് ഈ പ്രത്യേക പരിഗണന നൽകിയിരിക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് കേവലം ₹500 എംബസി ഫീസിൽ ജപ്പാൻ വിസ സ്വന്തമാക്കാം. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ശക്തമായ നയതന്ത്ര ബന്ധവും ടൂറിസം പ്രോത്സാഹനവുമാണ് ഈ തീരുമാനത്തിന് പിന്നിൽ.
നിരക്കുകളിലെ മാറ്റം എങ്ങനെയെന്ന് നോക്കാം:
-
ഇന്ത്യൻ പൗരന്മാർക്ക്: സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി വിസകൾക്ക് എംബസി ഫീസ് ₹500 മാത്രം.
-
മറ്റ് വിദേശ പൗരന്മാർക്ക്: വിസ നിരക്ക് ₹17,350 ആയി വർധിപ്പിച്ചു.
ചെലവ് ചുരുങ്ങിയ യാത്ര: എംബസി ഫീസ് ₹500 ആണെങ്കിലും, ഒഫീഷ്യൽ വിസ പ്രോസസിങ് ഏജൻസിയായ ‘വിഎഫ്എസ് ഗ്ലോബലിന്റെ’ (VFS Global) സർവീസ് ചാർജും നികുതിയും (ഏകദേശം ₹800) ഉൾപ്പെടെ ആകെ ₹1,300 രൂപയിൽ വിസ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും. യു.എസ്, യു.കെ, യൂറോപ്യൻ രാജ്യങ്ങളുടെ വിസയ്ക്ക് പതിനായിരങ്ങൾ ചെലവാക്കേണ്ട സ്ഥാനത്താണ് ഈ ഓഫർ.
അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
-
ട്രാൻസിറ്റ് വിസകൾ നിർത്തലാക്കി: ജപ്പാൻ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവർ എയർപോർട്ടിന് പുറത്തിറങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇനി സാധാരണ ഹ്രസ്വകാല ടൂറിസ്റ്റ് വിസയ്ക്ക് തന്നെ അപേക്ഷിക്കണം.
-
ഡിജിറ്റൽ ഇ-വിസ (eVISA): ടൂറിസം ആവശ്യങ്ങൾക്കായി പോകുന്നവർക്ക് ഓൺലൈൻ വഴി സിംഗിൾ എൻട്രി വിസയ്ക്ക് അപേക്ഷിക്കാം. വിസ ലഭിച്ചാൽ ലഭിക്കുന്ന ‘ഡിജിറ്റൽ വിസ ലെറ്റർ’ ഫോണിൽ ലൈവ് ഇന്റർനെറ്റ് വഴി കാണിക്കണം (സ്ക്രീൻഷോട്ടുകളോ പ്രിന്റൗട്ടുകളോ സ്വീകരിക്കില്ല).
-
സ്റ്റിക്കർ വിസ: ബിസിനസ് ആവശ്യങ്ങൾക്കോ മൾട്ടിപ്പിൾ എൻട്രി വിസയ്ക്കോ അപേക്ഷിക്കുന്നവർ വിഎഫ്എസ് സെന്ററുകൾ വഴി പാസ്പോർട്ട് നേരിട്ട് സമർപ്പിക്കണം.
ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, യാത്രാ പ്ലാൻ, ഫ്ലൈറ്റ്-ഹോട്ടൽ ബുക്കിംഗ് വിവരങ്ങൾ എന്നിവ കൃത്യമാണെങ്കിൽ 5 മുതൽ 6 പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ വിസ ലഭ്യമാകും. യാത്ര തിരിക്കുന്നതിന് മൂന്ന് മാസം മുമ്പ് മുതൽ അപേക്ഷകൾ നൽകാം.
