നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിദ്യാർത്ഥി പ്രക്ഷോഭത്തിൽ താൻ പങ്കുവെച്ച കുറിപ്പും തുടർന്നുണ്ടായ വിവാദങ്ങളിലും വിശദീകരണവുമായി നടി പേളി മാണി. തന്റെ പ്രതികരണത്തെ തികച്ചും നെഗറ്റീവായി വ്യാഖ്യാനിച്ചതിൽ വലിയ വിഷമമുണ്ടെന്നും ദേഷ്യത്തിൽ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ മറുപടി നൽകിയത് വലിയ തെറ്റായിപ്പോയെന്നും പേളി വ്യക്തമായി. തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് താരം മനസ്സ് തുറന്നത്.
വിദ്യാർത്ഥികൾ അടികൊള്ളുന്നതും ചോരയുമൊക്കെ കണ്ടപ്പോഴുള്ള ഭയത്തിൽ നിന്നാണ് പോസ്റ്റിട്ടതെന്ന് പേളി പറഞ്ഞു. വിദ്യാർത്ഥികളോട് സമരം അവസാനിപ്പിച്ച് വീട്ടിൽ പോകാൻ പറയാൻ താൻ ആരുമല്ലെന്നും സുരക്ഷിതരായിരിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് അങ്ങനെ കുറിച്ചതെന്നും താരം വ്യക്തമാക്കി.
പേളി മാണിയുടെ വാക്കുകളിൽ നിന്ന്:
“ഭൂരിപക്ഷം പേരും ആ പോസ്റ്റിന്റെ നല്ല വശമാണ് കണ്ടത്. എന്നാൽ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത വ്യാഖ്യാനങ്ങളാണ് പിന്നീട് വന്നത്. സ്വാതന്ത്ര്യ സമരസേനാനികളുടെ കല്ലറയിൽ തുപ്പുന്നത് പോലെയാണെന്ന് വരെ എന്റെ പോസ്റ്റിനെക്കുറിച്ച് ചിലർ എഴുതി. അത് എന്നെ ഭയങ്കരമായി വേദനിപ്പിച്ചു. ഞാൻ ആത്മാർത്ഥമായി എഴുതിയതിനെ ഇത്രയും മോശമായി ചിത്രീകരിച്ചപ്പോൾ നിയന്ത്രണം വിട്ട് രാത്രി ദേഷ്യത്തിൽ എഴുതിയ വിശദീകരണമാണ് പിന്നീട് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി വന്നത്.”
അപമാനിച്ചതിൽ മാപ്പപേക്ഷിച്ച് പേളി
തന്റെ നിലപാടിനെതിരെ ലേഖനമെഴുതിയ വ്യക്തിയെ ‘പരാജയപ്പെട്ട സംവിധായകൻ’ എന്ന് വിളിച്ചതിൽ പേളി മാപ്പ് ചോദിച്ചു.
“അയാളെ പരാജയപ്പെട്ട സംവിധായകൻ എന്ന് വിളിച്ചത് വലിയ തെറ്റാണ്. നിമിഷങ്ങൾക്കകം അത് മനസ്സിലാക്കി ഞാൻ ആ സ്റ്റോറി ഡിലീറ്റ് ചെയ്തിരുന്നു. എന്റെ മാതാപിതാക്കൾ എന്നെ അങ്ങനെയല്ല വളർത്തിയത്. അദ്ദേഹത്തോട് ഞാൻ മാപ്പ് ചോദിക്കുകയാണ്.
കൂടാതെ, ഞാൻ സംവിധായകൻ സി.ബി. മലയിൽ സാറിനെക്കുറിച്ച് മോശമായി പറഞ്ഞു എന്ന രീതിയിലും വാർത്തകൾ പ്രചരിച്ചു. അത് എന്നെ കൂടുതൽ വേദനിപ്പിച്ചു. അദ്ദേഹത്തിന്റെ വലിയൊരു ആരാധികയാണ് ഞാൻ. പോസ്റ്റ് എഴുതിയ ആളിന്റെ അച്ഛൻ സി.ബി. മലയിൽ സാറാണെന്ന് എനിക്ക് അറിയില്ലായിരുന്നു. സാറിനെ ഞാൻ ഒരിക്കലും അങ്ങനെ പറയില്ല. വാ വാർത്തകൾ സത്യമല്ല.”
എല്ലാ പാർട്ടികളിലും സുഹൃത്തുക്കളുണ്ട്
തനിക്ക് കവി നിറത്തോട് (Saffron) മാത്രമാണ് താല്പര്യമെന്ന രീതിയിലെ പ്രചാരണങ്ങളോടും പേളി പ്രതികരിച്ചു. Canva ആപ്പിൽ നിന്നുള്ള നിറങ്ങളാണ് പോസ്റ്റിന് ഉപയോഗിച്ചത്. അതിനെപ്പോലും ഒരു രാഷ്ട്രീയ പാർട്ടിയുമായി കൂട്ടിക്കെട്ടി വ്യാഖ്യാനിച്ചു. തനിക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളും ഇഷ്ടമാണെന്നും എല്ലാ പാർട്ടികളിലും അടുത്ത സുഹൃത്തുക്കളുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
മത്സരരംഗത്ത് വന്ന കാലത്ത് അച്ഛൻ പറഞ്ഞ വാക്കുകൾ ഓർമ്മിപ്പിച്ച പേളി, സോഷ്യൽ മീഡിയയിൽ താൻ പറയുന്ന ഓരോ വാക്കിനും വലിയ ഉത്തരവാദിത്തമുണ്ടെന്ന് ഇപ്പോൾ മനസ്സിലാക്കുന്നുവെന്നും, ഇനി കൂടുതൽ മെച്ചപ്പെട്ട ഒരു മനുഷ്യനാകാൻ ശ്രമിക്കുമെന്നും മലയാളികൾ തനിക്ക് മാപ്പ് നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞ് വീഡിയോ അവസാനിപ്പിച്ചു.
