തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ നിരന്തരം ബോഡി ഷെയ്മിങ്ങും അശ്ലീല പരാമർശങ്ങളും നടത്തിയ വ്യക്തിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് പൂട്ടിച്ച് നടി അന്ന രാജൻ. താരം തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ഓൺലൈനിൽ വ്യൂവ്സിനും ശ്രദ്ധ നേടുന്നതിനുമായി മറ്റുള്ളവരെ അധിക്ഷേപിക്കുന്നവർക്കെതിരെ ഇനി യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ നേരിട്ട് നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും താരം താക്കീത് നൽകി.
ഇത്തരം അപകീർത്തികരമായ കാര്യങ്ങളിൽ തനിക്ക് ഒട്ടും താല്പര്യമില്ലെന്നും അതിരുകടക്കുന്ന അതിക്രമങ്ങൾ ഇനി സഹിക്കില്ലെന്നും അന്ന വ്യക്തമാക്കി.
അന്ന രാജന്റെ വാക്കുകൾ:
“ഇത്തരം നാടകങ്ങളിലൊന്നും താൽപ്പര്യമുള്ള ആളല്ല ഞാൻ. ഓൺലൈനിൽ ശ്രദ്ധ നേടാൻ ശ്രമിക്കുന്നവരെക്കുറിച്ച് എനിക്ക് ഒട്ടും ശ്രദ്ധയുമില്ല. എന്നെ വച്ചുള്ള കണ്ടന്റുകൾ ചില യൂട്യൂബുകാർ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ അതൊക്കെ കേവലം വിനോദത്തിനോ അല്ലെങ്കിൽ നിരാശ തീർക്കാനോ വേണ്ടിയുള്ളതാണെന്ന് കരുതി ഞാൻ അവ അവഗണിക്കുകയാണ് പതിവ്. എങ്കിലും, ആരെങ്കിലും അതിരുകൾ ലംഘിച്ച് ഉപദ്രവിക്കാനോ, അപകീർത്തിപ്പെടുത്താനോ, അല്ലെങ്കിൽ പ്രത്യേകമായി ലക്ഷ്യം വെച്ചുള്ള അധിക്ഷേപമോ നടത്തിയാൽ, ഇനി മുന്നറിയിപ്പുകൾ നൽകുന്നതല്ല. ഞാൻ ഉചിതമായ നിയമനടപടികൾ തന്നെ സ്വീകരിക്കും. ബന്ധപ്പെട്ട അധികാരികൾ വഴി വിഷയം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും. വ്യൂവ്സിന് വേണ്ടി മറ്റൊരാളുടെ പേരോ ഉള്ളടക്കമോ ഉപയോഗിക്കുന്നതിന് മുൻപ് നന്നായി ആലോചിക്കണം. ഉത്തരവാദിത്തം പ്രധാനമാണ്.”
നേരത്തെ തന്റെ ചിത്രം ദുരുദ്ദേശത്തോടെ അശ്ലീലകരമായി എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിനെതിരെയും അന്ന രാജൻ ശക്തമായി പ്രതികരിച്ചിരുന്നു. തന്റെ സ്വകാര്യതയിലേക്കും അന്തസ്സിലേക്കുമുള്ള കടന്നുകയറ്റമാണിതെന്നും, ഇതിന് കാരണക്കാരായ അക്കൗണ്ടുകൾ ഇൻസ്റ്റാഗ്രാമിൽ റിപ്പോർട്ട് ചെയ്യുന്നതിനൊപ്പം പോലീസിൽ പരാതി നൽകി നീതി ലഭിക്കുന്നത് വരെ പോരാടുമെന്നും താരം മുൻപ് വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള വ്യാജ അധിക്ഷേപ ഉള്ളടക്കങ്ങൾ പിന്തുണയ്ക്കുകയോ ഷെയർ ചെയ്യുകയോ ചെയ്യരുതെന്ന് താരം പ്രേക്ഷകരോട് അഭ്യർത്ഥിക്കുകയും ചെയ്തു.
